തൊടുപുഴ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലേക്കു കൂടുതൽ സന്ദർശകരെ എത്തിക്കാനുള്ള പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ. സ്വകാര്യ പങ്കാളിത്തത്തോടെ വിവിധ സൗകര്യങ്ങളൊരുക്കി കൂടുതൽ പേരെ ഇവിടേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. പരുന്തുംപാറയ്ക്കു സമീപം 25 ഏക്കറിൽ പിപിപി മോഡലിൽ സംരംഭങ്ങളൊരുക്കാനാണ് ലക്ഷ്യം.
അന്താരാഷ്ട്ര ടൂറിസം തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ ജില്ലയിൽ 12 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ളത്. ഇതിനു പുറമെയാണ് പരുന്തുംപാറയെ മികച്ച ഹിൽ സ്റ്റേഷനാക്കാനുള്ള പദ്ധതി.
മഞ്ഞണിഞ്ഞ മലകൾ
ആരുടെയും മനംമയക്കുന്ന പ്രകൃതിഭംഗിയാണ് പരുന്തുംപാറയ്ക്ക്. പീരുമേട്ടിൽനിന്ന് ആറു കിലോമീറ്ററും തേക്കടിയിൽനിന്ന് 25 കിലോമീറ്ററും അകലെയാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. തേക്കടി -വാഗമണ്‍ റൂട്ടിലെ ഇടത്താവളംകൂടിയാണ് ഈ വിനോദ സഞ്ചാരകേന്ദ്രം.
പരുന്തിന്റെ ആകൃതിയിലുള്ള പാറക്കൂട്ടമാണ് ഇവിടത്തെ പ്രത്യേകത. മഞ്ഞുമൂടിയ മലനിരകളുടെ സൗന്ദര്യം ആരെയും ആകർഷിക്കും. ശബരിമല സീസണിൽ മകരവിളക്ക് ദർശിക്കാനായും ഇവിടെ നൂറുകണക്കിനു പേരെത്തുന്നുണ്ട്. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും പരുന്തുംപാറ ഇഷ്ടയിടമാണ്. മോഹൻലാൽ നായകനായ ഭ്രമരം ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
മികച്ച സൗകര്യങ്ങൾ
പരുന്തുംപാറയുടെ വികസനത്തിനായി 50 ഏക്കർ റവന്യു ഭൂമി ഡിടിപിസിക്കു വിട്ടു നൽകിയിരുന്നു. ഇവിടെ പരിസ്ഥിതി സൗഹൃദ പദ്ധതികളൊരുക്കും. സന്ദർശകർക്കായി ഇരിപ്പിടങ്ങൾ, നടപ്പാതകൾ, വ്യൂ പോയിന്റ് ഏരിയ നവീകരണം, ഡിജിറ്റൽ ഡിസ്പ്ലേകൾ, സന്ദർശകർക്കു വിശ്രമ കേന്ദ്രം, പ്രാദേശിക ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തിയ കഫ്റ്റേരിയകൾ, ഫുഡ് കോർട്ടുകൾ, പ്രാദേശിക കരകൗശല ഉത്പന്നങ്ങളുടെ നിർമാണവും വിപണനവും പ്രോത്സാഹിപ്പിക്കാനായി പരിസ്ഥിതി സൗഹൃദ കിയോസ്ക്കുകൾ, ട്രക്കിംഗ് പാതകൾ എന്നിവയാണ് ഒരുക്കുന്നത്.
സംരംഭകർക്ക് അവസരം
താത്പര്യമുള്ള സ്വകാര്യ സംരംഭകൾക്കു ഡിടിപിസിയുമായി കരാറിലേർപ്പെട്ടു പദ്ധതിയിൽ പങ്കാളികളാകാം. ലഭിക്കുന്ന വരുമാനം ഡിടിപിസിയോടൊപ്പം സംരംഭകർക്കും ലഭിക്കും. ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗവും ഡിടിപിസിക്കു നൽകണം. ടൂറിസം പ്രമോഷൻ കൗണ്‍സിലിനു പുറമെ ഇക്കോ ടൂറിസം വകുപ്പിന്റെ നിരീക്ഷണവും ഉണ്ടാകും. പദ്ധതി പ്രാവർത്തികമാകുന്നതോടെ പരുന്തുംപാറയിലേക്ക് സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ..

