ചെന്നൈ: കരൂരിൽ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
താരം എന്നത് അമാനുഷിക കഴിവുകളൊന്നും ഇല്ലാത്ത സാദാ മനുഷ്യനാണെന്നും ജനങ്ങൾ എന്നാണ് ഇത് മനസിലാക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
താരാരാധനയുടെ ബലിമൃഗങ്ങൾ
——————————-
വിജയ് എന്ന തമിഴ് താരത്തെ കാണാൻ ,കേൾക്കാൻ തടിച്ചുകൂടിയവരിൽ നാല്പതോളം പേർ മരിച്ചതായാണ് റിപ്പോർട്ട് .അതിൽ പത്തിലധികം പേരും കുട്ടികൾ.
എന്തൊരു ദുരന്തം ! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ? അല്ല. യുദ്ധവിരുദ്ധ മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രകടനമാണോ? അല്ല.
ദാരിദ്ര്യനിർമാർജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ? അല്ല. എല്ലാം വിജയ് എന്ന താരത്തെ കാണാൻ;കേൾക്കാൻ. താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്നും അമാനുഷ കഴിവുകളൊന്നും തന്നെയില്ലാത്ത സദാ മനുഷ്യനാണെന്നും മാധ്യമങ്ങളും ആരാധക വങ്കന്മാരും മിത്തിക്കൽ പരിവേഷത്തിൽ സൃഷ്ടിച്ചെടുക്കുന്ന ഒന്നാണെന്നും എന്നാണ് ഇവർ മനസിലാക്കുക?
തമിഴ് നാടിനെ സംബന്ധിച്ചു ഇത്തരം ബലികൾ മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി അണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തീവണ്ടി ബോഗികൾക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവർ നിരവധി.
എംജിആർ, ജയലളിത തുടങ്ങിയവരുടെ ശവസംസ്കാര നേരത്തും ഈ മാതിരി മരണാചാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരു താരത്തെക്കാണാനും കേൾക്കാനും വന്ന് തിക്കുതിരക്കുകളിൽപ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേർ ബലിയാടുകളാകുന്നത് ആദ്യം.
അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ അതി വൈകാരികതയുടെ ഇരകളാകുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു.