അടൂര്‍: യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റി വന്നതായി കരുതുന്ന അരക്കോടിയിലധികം രൂപ തിരികെ നല്‍കും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ നിന്നാണ് പണം എത്തിയത്.
അടൂര്‍ നെല്ലിമുകള്‍ 3682-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയും ചക്കൂര്‍ച്ചിറ ക്ഷേത്ര ഭരണസമിതിയംഗവുമായ അരുണ്‍ നിവാസില്‍ അരുണ്‍ നെല്ലിമുകളിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വന്നത്. അരുണ്‍ നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുമാണ് പണം എത്തിയതെന്ന് പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് 53,53,891 രൂപ എത്തിയത്.
കമ്പനി ഉടമ അവരുടെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ അബദ്ധത്തില്‍ അരുണിന്റെ അക്കൗണ്ടിലേക്ക് എത്തുകയായിരുന്നുവെന്നാണ് നിഗമനം. ഫോണില്‍ മെസേജ് വന്നത് ശ്രദ്ധിച്ചപ്പോഴാണ് പണം എത്തിയതറിഞ്ഞത്. അരുണ്‍ ഉടന്‍ തന്നെ പണം അയച്ച കമ്പനിയുമായി ബന്ധപ്പെട്ടു.
പണം അയച്ചത് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കമ്പനി അധികൃതര്‍ തിരികെ അരുണിനെ വിളിച്ച് പണം മാറി അയച്ചതായി പറഞ്ഞു. ഇതോടെ പണം തിരികെ അയക്കാന്‍ വേണ്ടി തന്റെ ബാങ്കിലെ നിയമനടപടികള്‍ക്കായി ഒരു കത്ത് തരണമെന്ന് ആവശ്യപ്പെട്ടു.
ഇതോടെ ഇമെയിലില്‍ കത്ത് ലഭിക്കുകയും മുഴുവന്‍ പണവും ആര്‍ജിടിഎസ് വഴി തിരികെ അയക്കുന്നതിന് നടപടി ആരംഭിച്ചതായി അരുണ്‍ പറഞ്ഞു.