ലക്നോ: ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിൽ യുവതിക്കൊപ്പം നൃത്തം ചെയ്ത നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സാഹിബാബാദ് അതിർത്തി ഔട്ട്പോസ്റ്റ് ഇൻചാർജ് ആശിഷ് ജാഡോണിനും മൂന്ന് കോൺസ്റ്റബിൾമാർക്കുമെതിരെയാണ് നടപടി.
കൈയിൽ ബിയർ കുപ്പികളും പിടിച്ച് ഉദ്യോഗസ്ഥർ യുവതിക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നിരവധി കേസുകളിൽ പ്രതിയായ ഇർഷാദ് മാലിക് എന്നയാളെയും വീഡിയോയിൽ കാണാം. ഇയാളുടെ പിറന്നാൾ ആഘോഷിക്കാനാണ് പോലീസുകാർ എത്തിയത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രാൻസ് ഹിൻഡോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പട്ടേൽ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.