മുട്ടം: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മുട്ടം പഞ്ചായത്തിലെ ടൂറിസം സാധ്യതാ മേഖലകളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയാണ് യാത്ര സംഘടിപ്പിച്ചത്.
എസ്എച്ച്ഒ ഇ.കെ. സോൾജി മോൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ, വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ, സ്വാശ്രയസംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ യാത്രയുടെ ഭാഗമായി.
പച്ചിലാംകുന്ന് വ്യൂ പോയിന്റ്, ശങ്കരപ്പള്ളി പൂതക്കുഴി വെള്ളച്ചാട്ടം, മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടം, മലങ്കര അണക്കെട്ട് വെള്ളച്ചാട്ടം വ്യൂ പോയിന്റ്, മലങ്കര ടൂറിസം ഹബ്ബ് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. പങ്കെടുത്തവർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇത് വ്യത്യസ്ത അനുഭവമായെന്ന് കെഎസ് ആർടിസി അധികൃതർ പറഞ്ഞു.ഓരോ ഡിപ്പോയിൽനിന്നും മറ്റ് വിദൂര പ്രദേശങ്ങളിലേക്കാണ് ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്.
എന്നാൽ ഒരു പഞ്ചായത്തിലെ ആളുകൾ അവരുടെ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളിലേക്ക് മാത്രമായി നടത്തിയ ഉല്ലാസ യാത്ര ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യത്തെ സംഭവമാണെന്നും അധികൃതർ പറഞ്ഞു.
ടോമി ജോർജ് മൂഴിക്കുഴിയിൽ, പി.എം. സുബൈർ, സുജി പുളിക്കൽ, എം.എച്ച്. കരീം, പി.സി. വിത്സൻ, എൻ.എം. സമദ്, ജോസഫ് പഴയിടം, ജോർജ് മുഞ്ഞനാട്ട്, ബെന്നി പൂതക്കുഴി, ടി.കെ. പുഷ്പ, ഷീല ഗോപി, ഉഷ രാജു എന്നിവർ പ്രസംഗിച്ചു.