മലയാള ചെറുകഥാസാഹിത്യത്തിലെ അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള. കഥ പറയാൻവേണ്ടി ജനിച്ച കാഥികനെന്ന് കാരൂരിനെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്.
കാരൂരിന്റെ സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, അദ്ദേഹം സമരങ്ങളെ കഥകളാക്കി മാറ്റി. അദ്ദേഹത്തിന്റെ കഥാലോകത്തിലെ ഒരു പ്രധാന ഭാഗമാണ് ‘വാധ്യാർക്കഥകൾ’ എന്നറിയപ്പെടുന്ന അധ്യാപക കഥകൾ.
ഒരു സ്കൂൾ അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കാരൂർ, ആ അനുഭവങ്ങളുടെ ചൂടും വെളിച്ചവും തന്റെ കഥകളിൽ പകർത്തി.
സാമ്പത്തിക ബുദ്ധിമുട്ടുകളാലും സാമൂഹികമായ അവഗണനകളാലും കഷ്ടപ്പെടുന്ന സാധാരണക്കാരായ സ്കൂൾ അധ്യാപകരുടെ ജീവിതമാണ് ഈ കഥകളിലെ മുഖ്യ പ്രമേയം. തുച്ഛമായ ശമ്പളത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്നവരായിരുന്നു ഈ കഥാപാത്രങ്ങൾ.
കടുത്ത ദാരിദ്ര്യത്തിലും ഉന്നതമായ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന അധ്യാപകരെ മാലപ്പടക്കം എന്ന കഥയിൽ കാരൂർ അവതരിപ്പിക്കുന്നു. അവരുടെ നിസഹായതയും, അതേസമയം അവരുടെ നന്മയും ഈ കഥകളിലെ വൈകാരികാംശം വർധിപ്പിക്കുന്നു. ലളിതവും എന്നാൽ ഹൃദയസ്പർശിയായതുമായ ആഖ്യാനശൈലിയാണ് കാരൂരിന്റേത്.
‘പൊതിച്ചോറ്’ കാരൂരിന്റെ അധ്യാപക കഥകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്. ഒരു വിദ്യാർത്ഥിയുടെ ഉച്ചഭക്ഷണം മോഷ്ടിച്ചത് മറ്റാരുമല്ല, കടുത്ത വിശപ്പുകാരണം നിവൃത്തിയില്ലാതെപോയ പ്രധാനാധ്യാപകനാണ് എന്ന് കഥയുടെ അവസാനം വെളിപ്പെടുത്തുന്നു. അധ്യാപകന്റെ നിസഹായതയുടെ ആഴം ഈ കഥ വരച്ചുകാട്ടുന്നു. നായയ്ക്കു തുല്യമായ ജീവിതമായിരുന്നു അത്.
പൊതിച്ചോറിൽ “ഒരു പട്ടി മാത്രം ചെയ്യുന്ന ഹീനകൃത്യം” – ഒരു കുട്ടിയുടെ ഉച്ചയ്ക്കുള്ള ആഹാരം കട്ടുതിന്നത്- ആണ് ഹെഡ്മാസ്റ്റർ ചെയ്യുന്നത്. ഒരു പട്ടിയെപ്പോലെ ഞാനതു ചെയ്തത് എന്തുകൊണ്ടാണെന്നു നിങ്ങളൊന്ന് ആലോചിച്ചുനോക്കൂ.
മുപ്പതുകൊല്ലമായി ജോലി ചെയ്യുന്ന എനിക്കു നിങ്ങൾ തരുന്ന പന്ത്രണ്ടു രൂപാ എത്രപേരുടെ നിത്യവൃത്തിക്കുള്ളതാണെന്നു നിങ്ങൾക്കറിയാമോ? എനിക്കുമുണ്ട്, അമ്മയുമച്ഛനും-വൃദ്ധരായി പ്രവർത്തനശക്തി നശിച്ചവരായിട്ട്, എനിക്കുമുണ്ട്. ഭാര്യയും കുട്ടികളും-എന്നെ ആശ്രയിച്ചിട്ട്, എനിക്കുമുണ്ട്, ഇച്ഛകളും വികാരങ്ങളും-നിങ്ങളെപ്പോലെ, സാറിനും പട്ടിക്കും എന്ന കഥയിലെയും അധ്യാപകാവസ്ഥ വ്യത്യസ്തമല്ല.
ഒടുവിൽ പിന്നേ, സാറിനും പട്ടിക്കും ചോറുകൊടുത്തെങ്കിൽ അടുക്കളയടയ്ക്കരുതോ? എന്ന ഗൃഹനാഥന്റെ ചോദ്യം അധ്യാപകന്റെ തലയിൽ വന്നടിക്കുന്നു. അവിടെയും അമ്മയെയും അച്ഛനെയും സംരക്ഷിക്കാൻ സാറിനും പട്ടിക്കും എന്ന പ്രയോഗം മറ്റൊരു ആധ്യാപകൻ സഹിക്കുന്നു.
ഒരു വിദ്യാർഥിയുടെ പരീക്ഷാകടലാസ് അധ്യാപകൻ ചായക്കടയിലെ കടം മൂലം അവിടെ ഈട് വയ്ക്കുന്നതും അതുമൂലം ആ വിദ്യാർഥിയുടെ ക്ലാസ്കയറ്റത്തിനുള്ള അർഹത നഷ്ടപ്പെടുന്നതുമാണ് ഉത്തരക്കടലാസ് എന്ന കഥ.
അധ്യാപകരുടെ ജീവിതക്ലേശങ്ങൾ വിദ്യാഭ്യാസസംവിധാനങ്ങളെ മൊത്തത്തിൽ ബാധിക്കുമെന്ന് ഈ കഥപറയുന്നു. കാരൂരിന്റെ അധ്യാപക കഥകൾ കേവലം അധ്യാപകരുടെ കഥകളല്ല, മറിച്ച് അന്നത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയിൽ ഞെരുങ്ങിപ്പോയ ഒരു വലിയ ജനവിഭാഗത്തിന്റെ നേർചിത്രങ്ങൾ കൂടിയാണ്.
മാത്യു ആന്റണി