കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു.
ഇതോടെ എന്‍എസ്എസുമായി അനുനയ നീക്കം ശക്തമാക്കിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം പെരുന്നയില്‍ ചെലവഴിച്ചശേഷമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സുകുമാരന്‍ നായരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും കൊടിക്കുന്നില്‍ സുരേഷ് എംപിയും സന്ദര്‍ശിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും പതിവ് സന്ദര്‍ശനം മാത്രമാണെന്നും, ചങ്ങനാശേരി ഉള്‍പ്പെടുന്ന സ്ഥലത്തെ എംപി എന്ന നിലയില്‍ നാട്ടിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.
വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ല, എന്‍എസ്എസുമായി അകല്‍ച്ചയില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. ശബരിമല വിഷയത്തില്‍ എന്‍എസ്എസിനു വ്യക്തമായ നിലപാടുണ്ട്. ആ നിലപാടില്‍ വെള്ളം ചേര്‍ക്കാതെയാണ് മുന്നോട്ടു പോകുന്നത്.
നമ്മള് അതിനെ ബഹുമാനിക്കണം, അല്ലാതെ ദുര്‍വ്യഖ്യാനം ഉണ്ടാക്കരുത്. അവരുമായി മധ്യസ്ഥ ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് എനിക്കുള്ള അനുഭവം. കോണ്‍ഗ്രസിനു എന്‍എസ്എസുമായി അകല്‍ച്ചയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞു.