തൊടുപുഴ: ഭക്ഷ്യസുരക്ഷാ നിയമലംഘനത്തിനെതിരേ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ ജൂണിനു ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 479 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 125 സാന്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി കാക്കനാട് റീജണൽ അനലിറ്റിക്കൽ ലാബിലേയ്ക്ക് അയച്ചു. ഈ സാന്പിളുകളിൽ ആറെണ്ണം സുരക്ഷിതമല്ലെന്നു റിപ്പോർട്ട് ലഭിച്ചെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
കൂടിയ അളവിൽ ടാർട്രാസിൻ അടങ്ങിയ മിക്സചർ, റസ്ക് എന്നിവ ഇതിലുൾപ്പെടുന്നു. ഇവയുടെ വില്പന ജില്ലയിൽ നിരോധിച്ചു. ഇക്കാലയളവിൽ ജില്ലയിൽ 44 പരാതികൾ ലഭിച്ചതിൽ 35 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചുവരികയാണ്. പരിശോധനകളിൽ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് 2,87,000 രൂപ പിഴ ഈടാക്കി.
നിലവാരമില്ലാത്ത വെളിച്ചെണ്ണ
ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി വെളിച്ചെണ്ണയുടെ ഗുണനിലവാരം, ശുദ്ധത എന്നിവ ഉറപ്പുവരുത്താനും മായം ചേർക്കൽ തടയാനുമായി പ്രത്യേക പരിശോധന നടത്തി. 31 പരിശോധനകളിൽ നാലു സാന്പിളുകൾ ശേഖരിച്ചു. രണ്ട് സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി.
കഴിഞ്ഞ ഓഗസ്റ്റ് 26ന് വെളിച്ചെണ്ണ ഉത്പാദന വിതരണ സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കോക്കനട്ട് ടെസ്റ്റ് ഓയിലിന്റെ 90 കിലോ പിടിച്ചെടുത്തു. ഇതിൽനിന്നു സാന്പിൾ ശേഖരിച്ച് കൊച്ചി ഇന്റർഫീൽഡ് ലാബിൽ പരിശോധനയ്ക്ക് അയച്ചു.
കൂടാതെ 16.5 ലിറ്റർ വെളിച്ചെണ്ണയും പിടിച്ചെടുത്തു സാന്പിൾ പരിശോധനയ്ക്കായി അയച്ചു. ഇതിൽ കോക്കനട്ട് ടെസ്റ്റ ഓയിൽ നിലവാരമില്ലാത്തതാണെന്നു റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് തുടർ നടപടി സ്വീകരിച്ചു.
പരിശോധന കർശനമാക്കും
ജില്ലയിൽ പരിശോധന കർശനമാക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നവർക്കെതിരെ കർശനി നടപടി സ്വീകരിക്കാൻ കളക്ടർ നിർദേശിച്ചു. ഇത്തരം കാര്യങ്ങളിൽ വിവരം നൽകിയാൽ ഉചിതമായ നടപടി എടുക്കുമെന്ന് പോലീസും അറിയിച്ചു.
കുട്ടികളോടു പറയണം
കൃത്രിമനിറം നൽകാനാണ് ടാർട്രാസിൻ ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്നത്. കൂടുതൽ അളവിലുള്ള ഉപയോഗം അലർജിക്കു കാരണമാകും. സ്കൂൾ കുട്ടികളുടെ ഇടയിൽ ഇത് സംബന്ധിച്ച് പ്രചാരണം നടത്തണമെന്നു കളക്ടർ നിർദേശിച്ചു.
സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കണം. ഭക്ഷ്യവസ്തുക്കൾ വാങ്ങുന്പോൾ ലേബൽ വിവരങ്ങൾ ശ്രദ്ധിക്കണം. പഞ്ചസാര, എണ്ണ എന്നിവയുടെ അമിത ഉപയോഗത്തെക്കുറിച്ചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ പ്രചാരണം നടത്താനും തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ തെരുവുകച്ചവടക്കാർ, ഹോം സ്റ്റേ, ഹോട്ടൽ ജീവനക്കാർ, ഫാക്ടറി സൂപ്പർവൈസർ, അങ്കണവാടി ജീവനക്കാർ, ചില്ലറ വില്പനക്കാർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി പരിശീലനം സംഘടിപ്പിച്ചു.