വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണകളിലെത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചു. ഹമാസ് സമാധാനപദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹമാസ് വ്യവസ്ഥകൾ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും തുടർനടപടികളെന്നും ഇരു രാഷ്ട്രനേതാക്കളും പറഞ്ഞു.
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ താത്കാലിക ഭരണകൂടം സ്ഥാപിക്കാനും വേണ്ടിയുള്ള ഇരുപതിന നിർദേശമാണ് ട്രംപ് മുന്നോട്ടുവച്ചത്. ഗാസയ്ക്കുള്ള തന്റെ ഇരുപതിന സമാധാനപദ്ധതി അംഗീകരിച്ചതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് നന്ദി പറഞ്ഞ ട്രംപ്, കരാർ നിരസിച്ചാൽ തീവ്രവാദ ഗ്രൂപ്പിനെ നശിപ്പിക്കാൻ ഇസ്രയേലിന് അമേരിക്കയുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും മുന്നറിയിപ്പു നൽകി.
“ഹമാസിന്റെ ഭീഷണി ഇല്ലാതാക്കാൻ ഇസ്രയേലിന് എന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കും, പക്ഷേ സമാധാനത്തിനായുള്ള കരാറിൽ നമുക്ക് എത്തിച്ചേരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഹമാസ് കരാർ നിരസിച്ചാൽ, തിരിച്ചടിയുണ്ടാകും. എല്ലാവരും നിർദേശങ്ങൾ അംഗീകരിച്ചു. ഒരു പോസിറ്റീവ് ഉത്തരം ലഭിക്കുമെന്ന് എനിക്കു തോന്നുന്നു’ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു ട്രംപ് പറഞ്ഞു.
ഹമാസ് ബന്ദിയാക്കിവച്ചിരിക്കുന്നവരെ കൈമാറണമെന്ന് ഇരുപതിന നിർദേശത്തിൽ പറയുന്നു. താത്കാലിക അന്താരാഷ്ട്രസേനയുടെ വിന്യാസവും താത്കാലിക ഭരണകൂടത്തിന്റെ രൂപീകരണവും നിർദേശത്തിലുണ്ട്. ഹമാസ് തീവ്രവാദികളെ പൂർണമായും നിരായുധരാക്കുകയും ഭാവിയിൽ സർക്കാർസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കുകയും ചെയ്യും.
എന്നാൽ, സമാധാനപരമായ സഹവർത്തിത്വത്തിനു സമ്മതിക്കുന്നവർക്ക് പൊതുമാപ്പു നൽകും. ആളുകളെ അവിടെ തുടരാൻ പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെട്ട ഗാസ കെട്ടിപ്പടുക്കുന്നതിനുള്ള അവസരം അവർക്കു നൽകുകയും ചെയ്യുമെന്നും നിർദേശങ്ങളിലുണ്ട്.
ഖത്തർ പ്രധാനമന്ത്രിയും ഈജിപ്തിന്റെ ഇന്റലിജൻസ് മേധാവിയും ട്രംപിന്റെ നിർദ്ദേശം ഹമാസിനു മുന്നിൽ അവതരിപ്പിച്ചു. പദ്ധതി പുനഃപരിശോധിക്കുമെന്നും പ്രതികരണം നൽകുമെന്നും ഹമാസ് മധ്യസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം, ഗാസ മുനമ്പിലുടനീളം ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഖാൻ യൂനിസിൽ കുറഞ്ഞത് നാലു പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്തെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഇതുവരെ 66,055 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.