ഈ സർക്കാർ പൗരന്മാരിൽനിന്ന് ആവശ്യപ്പെട്ട എല്ലാ ആദരവുകളും നൽകിക്കൊണ്ടു പറയട്ടെ, ബഹു. വിദ്യാഭ്യാസമന്ത്രി ഏതു രാഷ്ട്രീയത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ ഭാഗമാകട്ടെ; നുണ പറയരുത്. ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന അങ്ങയുടെ പ്രസ്താവന നുണയും അവഹേളനവുമാണ്.
സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുവച്ചുകൊണ്ടുള്ള ഈ പ്രസ്താവന, നീതിക്കു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടത്തുന്ന അഭ്യാസംപോലെയാണ് തോന്നുന്നത്. ദയവായി, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തിൽ നിയമവിരുദ്ധരായി ചിത്രീകരിക്കരുത്.
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന്, എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ, സുപ്രീംകോടതി തീർപ്പു കൽപ്പിച്ചത് കഴിഞ്ഞ മാർച്ചിലാണ്. തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തു.
സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിയുടെ ഈ വിധിന്യായത്തിൽതന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തിൽ ക്രിസ്ത്യൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. വിധിയുടെ സത്ത ഉൾക്കൊണ്ട്, ഈ കോടതി ഉത്തരവ് പ്രകാരം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സമാനമായുള്ള പ്രതിസന്ധിയും പരിഹരിച്ചുകൂടേ എന്നേ ചോദിച്ചുള്ളൂ.
നിർഭാഗ്യവശാൽ വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂർവമായ മറുപടി, “നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളൂ” എന്നായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി എപ്പോഴും കോടതിയിൽ പോകാനാണെങ്കിൽ ജനാധിപത്യ സർക്കാരിന്റെ ചുമതലയെന്താണെന്നുകൂടി മന്ത്രി വ്യക്തമാക്കണമെന്ന സീറോമലബാർ സഭയുടെ പ്രതികരണം മന്ത്രിയെ ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ്. നീതി ചോദിക്കുന്നവരോട് “ന്നാ താൻ കേസ് കൊട്” എന്നാണോ ഒരു ജനാധിപത്യ സർക്കാർ പറയേണ്ടത്?
2017 മുതൽ നാലു ശതമാനം ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. പക്ഷേ, പത്രപ്പരസ്യങ്ങൾ കൊടുത്തിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരെ പല വിഷയത്തിലും കിട്ടാനില്ല. സർക്കാരിനും ഇതറിയാം. സംവരണം പാലിച്ചിട്ടില്ലെങ്കിൽ, 2021 നവംബർ എട്ടിനുശേഷമുള്ള മറ്റ് അധ്യാപകരുടെ നിയമനങ്ങളും അതിനു മുന്പുള്ള തസ്തികയാണെങ്കിൽപോലും സ്ഥിരനിയമനം നൽകിയത് ഈ തീയതിക്കു ശേഷമാണെങ്കിൽ അതും താത്കാലിക നിയമനമായേ അംഗീകരിക്കൂ.
താത്കാലികക്കാർക്ക് ഉയർന്ന ശന്പളമോ ആനുകൂല്യങ്ങളോ ശന്പളത്തോടെയുള്ള അവധിയോ കൊടുക്കേണ്ടതില്ലാത്തതിനാൽ സർക്കാരിന് ലാഭമായിരിക്കാം. മാത്രമല്ല, ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ സ്ഥിരനിയമനമെന്ന അവകാശം കോടതിയിൽപോലും അധ്യാപകർക്ക് ഉന്നയിക്കാനാവില്ല. മാനേജ്മെന്റുകളോടുള്ള ഈ സർക്കാരിന്റെ പക ഏകദേശം 16,000ത്തിലധികം അധ്യാപകരെയും ലക്ഷക്കണക്കിനു വിദ്യാർഥികളെയും ദുരിതത്തിലാക്കിയിട്ടു വർഷങ്ങളായി.
നീതിക്കുവേണ്ടിയുള്ള എൻഎസ്എസിന്റെ നിയമപോരാട്ടം ധീരമായിരുന്നു. അതിനുമുന്പ് വിദ്യാഭ്യാസരംഗത്തെ പ്രമുഖരെല്ലാം ചൂണ്ടിക്കാട്ടിയ നീതി സർക്കാർ നടപ്പാക്കിയിരുന്നെങ്കിൽ എൻഎസ്എസിനു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. പുറത്തു പറഞ്ഞതല്ല, സർക്കാർ അന്നു കോടതിയിൽ പറഞ്ഞത്. ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സമ്മതിക്കുകയായിരുന്നു.
ക്രൈസ്തവ സഭകളുടെയും മുസ്ലിം മാനേജ്മെന്റിന്റെയും വ്യക്തികളുടെയുമൊക്കെ സ്കൂളുകളിൽ ഇതേ പ്രതിസന്ധിയാണ്. പക്ഷേ, സമ്മതിക്കില്ല. ഈ ഇരട്ടത്താപ്പ് മറച്ചുവയ്ക്കാനാണ് ഇപ്പോൾ നുണപ്രചാരണവും തുടങ്ങിയിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്തുക തന്നെ വേണം. അതിനു പകരം, അതെല്ലാം പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്നു കാണുന്നത്, മഞ്ഞപ്പിത്തക്കാഴ്ചയുടെ ഫലമാണ്.
ഭിന്നശേഷിക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ജാതിമത ഭേദമില്ലാതെ ചേർത്തുനിർത്തി കാലങ്ങളായി ലാഭേച്ഛയില്ലാതെ പരിചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച് ഈ സർക്കാരിന് അറിയില്ലായിരിക്കാം. പലരും പിൻവാതിലുകളിലൂടെ അവിടെയെത്തിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തമെന്നപോലെ പരിചരിക്കുന്നവരെയും നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, അറിയാൻ ശ്രമിക്കണം. സാരമില്ല; പക്ഷേ, നിന്ദിക്കരുത്.
നാലു വോട്ടിനും കുറച്ചു സീറ്റിനുംവേണ്ടി ബഹു. മന്ത്രീ, നിങ്ങൾ നുണ പറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിനു കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള മര്യാദയാണ് ഈ സർക്കാർ ആദ്യം കാണിക്കേണ്ടത്. എന്നിട്ട് മറ്റു നിയമനങ്ങൾ അംഗീകരിക്കൂ. നീതിക്കായ് കാത്തിരിക്കുന്ന ആ മനുഷ്യർക്കും തോന്നട്ടെ തങ്ങൾ പറയുന്നതു കേൾക്കാൻ ഇവിടെയൊരു സർക്കാരുണ്ടെന്ന്. മുഖ്യമന്ത്രി തങ്ങൾക്കൊപ്പമാണെന്നതു കേവലം പരസ്യമല്ലെന്നും തോന്നട്ടെ.