പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണം പൂശുന്ന കരാര്‍ ഏറ്റെടുത്ത സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും ഉണ്ണികൃഷ്ണന് പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തല്‍.
ഉണ്ണികൃഷ്ണന് പോറ്റിക്കെതിരേ ബംഗളൂരുവിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വിജിലന്‍സിന് നിര്‍ണായക വിവരം ലഭിച്ചിരിക്കുന്നത്. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ധനികരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ നേരത്തെതന്നെ ഉണ്ടായിരുന്നു.
വിവാദ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശാനും ഇയാള്‍ ഒന്നിലധികം ധനികരില്‍ നിന്ന് പണം വാങ്ങിയതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് വിജിലന്‍സ്.