തലനാട്: വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കക്കല്ലില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതു സഞ്ചാരികളെ വലയ്ക്കുന്നു. അവധിദിവസങ്ങളില്‍ 5000ല്‍പ്പരം സഞ്ചാരികളാണ് മീനച്ചിലിന്റെ എവറസ്റ്റായ ഇല്ലിക്കക്കല്ലിലെത്തുന്നത്. ആയിരത്തില്‍പ്പരം വാഹനങ്ങളും ഇവിടെ എത്തുന്നു.
എന്നാല്‍, കെ.എം. മാണി മന്ത്രിയായിരുന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പരിമിതമായ സൗകര്യങ്ങളേ ഇപ്പോഴും ഇവിടെയുള്ളൂ. പാലാ നിയോജക മണ്ഡലത്തിലേക്കു തലനാട് പഞ്ചായത്ത് കൂട്ടിച്ചേര്‍ത്തതിനെത്തുടര്‍ന്നാണ് കെ.എം. മാണി നല്കിയ 16 കോടി രൂപ വിനിയോഗിച്ച് പാലാ ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇല്ലിക്കല്‍ക്കല്ലിലേക്ക് ആദ്യമായി വാഹനഗതാഗതം സാധ്യമാക്കിയാണ് മല തുരന്ന് ടാര്‍ റോഡ് നിര്‍മിച്ചത്.
ജോസ്.കെ. മാണി എംപിയായിരുന്നപ്പോള്‍ കേന്ദ്ര പദ്ധതിയില്‍ മറ്റൊരു റോഡുകൂടി നിര്‍മിച്ചു. ഇതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്. സഞ്ചാരികളുടെ ക്രമാധീതമായ വര്‍ധനയനുസരിച്ച് പ്രാഥമികസൗകര്യങ്ങള്‍ വിപുലീകരിച്ചിട്ടില്ല.
ഇല്ലിക്കല്‍ക്കല്ല് മേഖല സഞ്ചാരീസൗഹൃദമാക്കുന്നതിന് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം, മൊബൈല്‍ കവറേജിനായി ടവര്‍, ശുചിമുറി സൗകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി, തെരുവുവിളക്കുകള്‍, ഇടിമിന്നല്‍ രക്ഷാചാലകം, വിശ്രമ ഇരിപ്പിടസൗകര്യങ്ങള്‍, ഉല്ലാസറൈഡുകള് എന്നിവ ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചോനമലയില്‍ ജോണി ആലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം യോഗം ടൂറിസം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പാലാ ഗ്രീന്‍ ടൂറിസം പദ്ധതിയില്‍ വിഭാവനം ചെയ്തവ നടപ്പാക്കുന്നതിനായി ജോസ് കെ. മാണി എംപിക്കും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ക്കും നിവേദനം നല്കി.