തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ് മന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുന്‍ ദേവസ്വം മന്ത്രിക്കും ഇപ്പോഴത്തെ മന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരേയും സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാരും ദേവസ്വവും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് മറുപടി പറയണം.
ശബരിമലയിലെ സ്വര്‍ണ്ണം അടിച്ചുമാറ്റിയ സംഭവം പുറത്തുവന്നിട്ട് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. കപട ഭക്തി കാണിച്ചയാളാണ് മുഖ്യമന്ത്രി. നിലവിലെ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധ പരിപാടിയുമായി മുന്നോട്ടുപോകും. ഏത് കാലത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനും തങ്ങള്‍ക്ക് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ മനസില്‍ മുറിവേല്‍പ്പിച്ച സംഭവങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് ശബരിമലയില്‍ നടക്കുന്നത്. ഉണ്ണിക്കൃഷ്ണന് പോറ്റി ആരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയത്.