ചെന്നൈ: മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദ കഫ് സിറപ്പ് “കോൾഡ്രിഫ്’ നിരോധിച്ച് തമിഴ്നാട്. ചുമ ശമിക്കാൻ കുട്ടികൾക്കായി നൽകുന്ന സിറപ്പ് അപകടകാരിയാണെന്ന സംശയത്തെത്തുടർന്നാണ് തമിഴ്നാട് സർക്കാർ മരുന്നിന്റെ വിൽപ്പന നിരോധിക്കുകയും വിപണിയിൽനിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തത്.
ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ, കഫ് സിറപ്പിന്റെ വിൽപ്പന തമിഴ്നാട്ടിലുടനീളം നിരോധിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർച്ചത്രത്തിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ നിർമാണകേന്ദ്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി പരിശോധനകൾ നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കമ്പനി മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. “ഡൈത്തിലീൻ ഗ്ലൈക്കോൾ’ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകൾ സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറികളിലേക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
ശിശുമരണങ്ങൾ ശ്രദ്ധയിൽപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രണ്ട് വയസിനു താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കൊടുക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.