ജപ്പാനിൽ ആദ്യ വനിതാ പ്രധാനമന്ത്രി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി അറുപത്തിനാലുകാരി സനായി തകായിച്ചി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന തകായിച്ചിയെ പാർലമെന്റ് വൈകാതെ പ്രധാനമന്ത്രിയായി അംഗീകരിക്കും.
മുൻ മന്ത്രി, ടിവി അവതാരക, ഡ്രം സംഗീതജ്ഞ തുടങ്ങിയ നിലകളിൽ ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളിലൊരാളാണ് തകായിച്ചി. ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ കടുത്ത ആരാധികയാണ്. ജപ്പാനിലെ മാർഗരറ്റ് താച്ചറെന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, തകായിച്ചി പുരോഗമനവാദിയാണെന്ന അഭിപ്രായം ജാപ്പനീസ് വനിതകൾക്കില്ല.
പ്രധാനമന്ത്രിക്കസേരയിൽ അനവധി വെല്ലുവിളികളാണ് തകായിച്ചിയെ കാത്തിരിക്കുന്നത്. സാന്പത്തികമാന്ദ്യത്തിൽനിന്ന് ജപ്പാനെ മോചിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തേണ്ടതുമുണ്ട്. ട്രംപിന്റെ വാണിജ്യയുദ്ധങ്ങളിൽ അമേരിക്കയുമായുള്ള ജപ്പാന്റെ ബന്ധം ഉലയാതെ നോക്കുക, എൽഡിപിയിലെ ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിച്ച് പാർട്ടിയുടെ ജനപ്രീതി തിരിച്ചുപിടിക്കുക എന്നിവയാണ് മറ്റു വെല്ലുവിളികൾ.
മുൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ ഒരു മാസം മുന്പ് രാജിവയ്ക്കുകയായിരുന്നു. സമീപകാല തെരഞ്ഞെടുപ്പുകളിൽ എൽഡിപി മോശം പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തിലായിരുന്നു ഇഷിബയുടെ തീരുമാനം. വലതുപക്ഷ നിലപാടുകൾ ഉപേക്ഷിച്ചതിനാലാണ് എൽഡിപിയുടെ ജനപ്രീതി ഇടിഞ്ഞത് എന്നു വിശ്വസിക്കുന്ന നേതാക്കളിലൊരാളാണ് തകായിച്ചി.