പത്തനംതിട്ട: സംസ്ഥാനത്തെ സ്വകാര്യ ഭൂമിയില്‍ ചന്ദനമരം നട്ടുവളര്‍ത്താനുള്ള പ്രത്യേക പദ്ധതി വനംവകുപ്പിനില്ല. ചന്ദനമരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ വെട്ടിമാറ്റാനാകില്ലെന്നും അധികൃതർ.സ്വകാര്യ ഭൂമിയില്‍ ചന്ദനമരം നട്ടുവളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പദ്ധതികള്‍ നിലവില്‍ ഇല്ലെന്ന് കഴിഞ്ഞദിവസം നിയമസഭയില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കുകയുണ്ടായി.
എന്നാല്‍ ഒരു കോടി ചന്ദനത്തൈകള്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറയുന്നു. ഇതിലൂടെ കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന തൈകള്‍ മരമായി കഴിഞ്ഞാല്‍ വനംവകുപ്പ് ഏറ്റെടുത്ത് വില്പന നടത്തുകയും പണം കര്‍ഷകനു കൈമാറാനുമാണ് ആലോചിക്കുന്നത്.
നിലവിലെ നിയമത്തില്‍ ചില ഇളവുകള്‍ കര്‍ഷകര്‍ക്ക് അനുകൂലമായി നല്‍കിയേക്കും. ഇത് മുന്നില്‍ക്കണ്ട് ചില സ്വകാര്യ ഏജന്‍സികള്‍ വ്യാപകമായി തൈ വില്പനയ്ക്ക് ഇറങ്ങിയിട്ടുമുണ്ട്.
ചന്ദനമരം വില്പനാവകാശംവനംവകുപ്പിനു തന്നെ
കഴിഞ്ഞ മാര്‍ച്ച് 29നു പുറത്തിറക്കിയ ട്രീ ബാങ്കിംഗ് സംബന്ധിച്ച ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്തികള്‍ക്കും നട്ടുവളര്‍ത്താന്‍ ചന്ദനമരത്തിന്റെ തൈകള്‍ നല്‍കിവരുന്നുണ്ട്. ഇതിനായി സ്വകാര്യ വ്യക്തികളും വനംവകുപ്പും തമ്മില്‍ ഉടമ്പടി വയ്ക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചന്ദനം നട്ടുവളര്‍ത്തി 15 വര്‍ഷങ്ങള്‍ക്കുശേഷം ഇവ വനംവകുപ്പിലേക്ക് ഏറ്റെടുത്ത് നിയമാനസൃതം വില്പന നടത്തി, ഉടമസ്ഥര്‍ക്ക് അര്‍ഹമായ തുക നല്കുന്നതുമാണ് പദ്ധതി.
വില്പന ഓണ്‍ലൈന്‍ ലേലത്തിലൂടെ
സ്വകാര്യവ്യക്തികളില്‍ നിന്നും 2012ലെ ചട്ടങ്ങള്‍ പ്രകാരം ശേഖരിക്കുന്ന ചന്ദനത്തടികള്‍ സര്‍ക്കാര്‍ അംഗീകൃത ചന്ദന ഡിപ്പോയിലെത്തിച്ച് ഓണ്‍ലൈനായി പൊതുലേലത്തിലൂടെ വിറ്റഴിക്കുകയാണ് രീതി. നിലവില്‍ മറയൂര്‍ ചന്ദന ഡിപ്പോയില്‍ തടികള്‍ ചെത്തിയൊരുക്കി ക്ലാസിഫൈ ചെയ്തു ലോട്ടുകളാക്കി ഓണ്‍ലൈന്‍ ലേലം മുഖേന വിറ്റഴിക്കുകയാണ്.
വില്പന വിലയില്‍ നിന്നും ചന്ദനം മുറിക്കുന്നതിനും കടത്തുന്നതിനും തൊലി ചെത്തി ഒരുക്കി വൃത്തിയാക്കി ലേലം ചെയ്യുന്നതിനും ചെലവാകുന്ന തുകയും നിയമാനുസൃത നികുതികളും കിഴിച്ച് ബാക്കി മുഴുവന്‍ തുകയും ഉടമസ്ഥനും നല്‍കുന്നതാണ് രീതി.
പണം ലഭ്യത അനുസരിച്ച്
ചന്ദനമരത്തിന്റെ വില വനംവകുപ്പ് നല്കുന്നതാകട്ടെ ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ്. 2021 മുതല്‍ സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങള്‍ ശേഖരിച്ച ഇനത്തില്‍ ഏഴ് പേര്‍ക്ക് പണം നല്‍കാനുണ്ടെന്നാണ് നിയമസഭയില്‍ വ്യക്തമാക്കപ്പെട്ടത്.