കുട്ടികളെ സ്കൂളിൽ വിടുന്നതിന് സ്കൂൾ ബസിന്റെ സഹായമാകും മിക്ക മാതാപിതാക്കളും തേടുന്നത്. ചില സ്കൂളുകളിൽ ബസിനും വാനിനും പകരം ഓട്ടോ ആയിരിക്കും യാത്രാ മാർഗമായി ഉപയോഗിക്കുന്നത്. എന്നാൽ ഓട്ടോയിൽ കുഞ്ഞുങ്ങളെ വിടുന്നത് സുരക്ഷിതമാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഹമ്മദാബാദിലെ മണിനഗറിലുള്ള സ്കൂൾ കുട്ടികളുടെ വീഡിയോ ആണിത്. ഓട്ടോയിൽ കുട്ടികളുടെ ബാഗ് കുത്തി നിറച്ച് വച്ചിരിക്കുന്നത് കാണാം. എന്നാൽ അതിലേറെ ഭയപ്പെടുത്തുന്നത് മറ്റൊരു കാഴ്ചയാണ്.
ഒരു കുട്ടി ഓട്ടോയിൽ ഇരിക്കാൻ സ്ഥലം തികയാത്തതിനാൽ അവൻ ഓട്ടോയുടെ പിന്നിലാണ് ഇരിക്കുന്നത്. കുട്ടിയുടെ ശരീരം പകുതി ഭാഗവും ഓട്ടോയുടെ വെളിയിലാണ്. അവൻ വീഴാതെ ഇരിക്കുന്നതിനായി ഒരു കന്പി മാത്രമാണ് വച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവർ, കുട്ടികളുടെ മാതാപിതാക്കൾ എന്നിവർക്കെതിരേ നടപടി എടുക്കണമെന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവം അഹമ്മദാബാദ് പോലീസിന്റെ ശ്രദ്ധയിലും എത്തിയിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.