കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 90,000 രൂപ കടന്നു. ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 11,290 രൂപയും പവന് 90,320 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,000 ഡോളര്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മറികടന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,015 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88.75 ലുമാണ്.
2008 ല്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,000 ഡോളറും, 2011ല്‍ ട്രോയ് ഔണ്‍സിന് 2,000 ഡോളറും, 2021ല്‍ ട്രോയ് ഔണ്‍സിന് 3,000 ഡോളറും, മറികടന്നതിനുശേഷമാണ് ഇന്ന് ട്രോയ് ഔണ്‍സിന് 4,000 ഡോളര്‍ മറികടന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലി, അഞ്ച് ശതമാനം, മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ നിലവില്‍ 98,000 രൂപയ്ക്കു മുകളില്‍ നല്‍കണം.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9,290 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,235 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 4,685 രൂപയുമാണ് വിപണി വില. 2000 ടണ്ണില്‍ അധികം സ്വര്‍ണം കൈവശമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന വില വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
സീമ മോഹന്‍ലാല്‍