കൂടുതൽ ജോലി ചെയ്യുമ്പോൾ കഴുത്തിലെ പേശികളിൽ വലിഞ്ഞമുറുക്കം തോന്നാറുണ്ടോ? രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ കഴുത്തിൽ പിടിത്തവും വേദനയും അനുഭവപ്പെടാറുണ്ടോ? ഏതെങ്കിലും അപകടത്തിൽ കഴുത്തിൽ പരിക്ക് പറ്റിയിട്ടുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക! ഇതാണ് ‘സ്പോണ്ടിലോസിസ്’.
ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഈ വേദനയുമായി ജീവിതകാലം മുഴുവനും കഴിയേണ്ടി വരികയും ഇല്ല. പുതിയ അറിവുകൾ അനുസരിച്ചുള്ള ചികിത്സ വളരെ ലളിതമാണ്. ഒപ്പം ഫലപ്രദവും. നട്ടെല്ലിലെ കശേരുക്കൾ, ഡിസ്കുകൾ എന്നിവയുടെ ധർമങ്ങളിൽ ഉണ്ടാകുന്ന കുറവുകളുടെ ഫലമായിട്ടാണ് കഴുത്തിനു പിന്നിൽ വേദന ഉണ്ടാകുന്നത്.
ഈ വേദന വരുന്നതുവരെ ആരും കഴുത്തിനെക്കുറിച്ചോ കഴുത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വേദനയെക്കുറിച്ചോ ആലോചിക്കാറില്ല. ആഭരണങ്ങൾ ധരിക്കാൻ മാത്രം ഉപയോഗിക്കുന്ന ഒരു സ്ഥലം മാത്രമായാണ് കഴുത്തിനെ എല്ലവരും കണക്കാക്കാറുള്ളത്.
ശരിയല്ലാത്ത പൊസിഷനിൽ ഉള്ള ഇരിപ്പും കിടപ്പും, പൊണ്ണത്തടി, മാനസിക സംഘർഷം, അപകടങ്ങൾ എന്നീ ഘടകങ്ങളാണ് ഇതിന്റെ ശരിയായ കാരണങ്ങൾ. കമ്പ്യൂട്ടറിനു മുന്നിൽ മണിക്കൂറുകൾ മുന്നോട്ടുവളഞ്ഞ് ഒരേ ഇരിപ്പ് ഇരിക്കുന്നത് ഈ കാലഘട്ടത്തിൽ സ്പോണ്ടിലോസിസ് കൂടുതൽ പേരിൽ കാണാൻ കഴിയുന്നതിന് ഒരു കാരണമാണ്.
നട്ടെല്ലിൽ ഏറ്റവും കൂടുതൽ ചലനങ്ങൾ ഉണ്ടാകുന്ന ഭാഗമാണു കഴുത്ത്. കൂടാതെ തല താങ്ങിനിർത്തുന്നതും കഴുത്താണ്. പ്രായം കൂടുന്നതിന്റെ ഭാഗമായി നട്ടെല്ലിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സെർവിക്കൽ സ്പോണ്ടിലോസിസിനും കാരണമാകുന്നത്.
ആദ്യമായി അനുഭവപ്പെടുന്ന രോഗലക്ഷണം കഴുത്തിൽ ഉണ്ടാകുന്ന ഒരു തരം വലിഞ്ഞുമുറുക്കം ആയിരിക്കും. പിന്നെ വേദന ഉണ്ടാകും. രോഗത്തിന്റെ പൂർണ ലക്ഷണം
എന്നത് കഴുത്തിലെ പേശികളിൽ ഉണ്ടാകുന്ന വലിഞ്ഞുമുറുക്കവും വേദനയുമാണ്. പിന്നീട് അത് മിന്നൽ പോലുള്ള വേദനയും കൈയിലേക്കു വ്യാപിയ്ക്കുന്ന കഴപ്പും മരവിപ്പുമാകും. ഈ കഴപ്പും വേദനയും മരവിപ്പുമെല്ലാം കൂടുതൽ പേരിലും
ഏതെങ്കിലും ഒരു വശത്തായിരിക്കും അനുഭവപ്പെടുക.
ക്രമേണ കഴപ്പും വേദനയും മരവിപ്പും അനുഭവപ്പെടുന്ന കൈയിലെ വിരലുകൾക്ക് ശേഷി കുറയുന്നപോലെ തോന്നും. ഒപ്പം തലവേദന, തലയ്ക്ക് ഭാരം എന്നിവയും കണ്ടെന്നു വരാം.
പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. നീർക്കെട്ടും കൂടിയാകുമ്പോൾ ഗുരുതരമാകുകയും ചെയ്യുന്ന സ്പോണ്ടിലോസിസ് അടക്കമുള്ള സന്ധിവാത രോഗങ്ങൾ പുതിയ അറിവുകൾ പ്രകാരം ചികിത്സിച്ചാൽ വളരെ വേഗം സൗഖ്യം ലഭിക്കും.
വിവരങ്ങൾക്കു കടപ്പാട്: