രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് പടയപ്പ. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യാ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം വലിയ കൈയടിയാണു വാങ്ങിയത്. ഇന്നും തമിഴിലെ മികച്ച നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒന്നായിട്ടാണു നീലാംബരിയെ കണക്കാക്കുന്നത്. നീലാംബരി എന്ന കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോൾ വളരെയധികം ഭയം തോന്നിയെന്നും വേറെ ചോയ്സ് ഇല്ലാത്തതുകൊണ്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും രമ്യാ കൃഷ്ണൻ.
‘ഒരു സംവിധായകനോടും ഈ കഥാപാത്രമേ ചെയ്യൂ, ആ കഥാപാത്രം ചെയ്യില്ല എന്നൊന്നും പറയരുത്. മനസ് തുറന്നുവച്ചോളൂ. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ക്യാരക്ടർ നല്ലതാവില്ല എന്നില്ല. എന്തുകൊണ്ടെന്നാൽ നീലാംബരിയെക്കുറിച്ച് എന്നോട പറഞ്ഞപ്പോൾ എനിക്ക് ആദ്യം വളരെ ഭയം തോന്നിയിരുന്നുവെങ്കിലും ആ കഥാപാത്രമായി ഞാൻ ആത്മാർഥമായി അഭിനയിച്ചു. അതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയത്. അതുപോലെ നമ്മൾ പ്രതീക്ഷിക്കാത്ത ചിലതൊക്കെ നടക്കും.
വ്യത്യസ്ത കഥാപാത്രവുമായി ആര െങ്കിലും നിങ്ങളെ സമീപിച്ചാൽ എന്തുകൊണ്ടാണ് അങ്ങനെ ആവശ്യപ്പെടുന്നതെന്ന് ആലോചിച്ച് തീരുമാനമെടുക്കുക. മനസിനെ ബ്ലോക്ക് ചെയ്ത് വയ്ക്കരുത് ”- രമ്യാ കൃഷ്ണൻ പറയുന്നു. സിനിമയിലെ ചില രംഗങ്ങളിൽ രജനീകാന്തിനെപ്പോലും വെല്ലുന്ന പ്രകടനമാണ് രമ്യ കാഴ്ചവച്ചതെന്നാണ് ആസ്വാദകർ ഒന്നടങ്കം അന്നു പറഞ്ഞത്. സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങിയ താരനിര അണിനിരന്ന സിനിമയാണു പടയപ്പ. അഞ്ച് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി. സിനിമയുടെ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയത് എ.ആർ. റഹ്മാനായിരുന്നു.