കുട്ടികളിൽ ജലദോഷം, ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, കണ്ണിൽനിന്ന് വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾക്കു നിർദ്ദേശിക്കുന്ന മരുന്നാണ് കോൾഡ്രിഫ്.
ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ മാസം ആദ്യം തമിഴ്നാട് സർക്കാർ കോൾഡ്രിഫ് മായം കലർന്നതായി പ്രഖ്യാപിച്ചു. മനുഷ്യരിൽ വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കുന്ന പ്രിന്റിംഗ് മഷി, പശ എന്നിവയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഒരു വിഷ പദാർഥമാണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ.
കാഞ്ചീപുരത്തുള്ള ശ്രേഷൻ ഫാർമയുടെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ ബില്ല് ചെയ്യാത്ത ഡിഇജി കണ്ടെയ്നറുകൾ കണ്ടെത്തിയിരുന്നു. കന്പനിക്ക് ജിഎംപി സർട്ടിഫിക്കേഷൻ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് കന്പനി പ്രവർത്തിച്ചിരുന്നത്. കന്പനിക്കുള്ളിൽ രാസമാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പഴകിതുരുന്പെടുത്ത ഉപകരണങ്ങളാണ് ഉണ്ടായിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ അഥോറിറ്റി ഉത്പാദനം അവസാനിപ്പിക്കാനും വിപണിയിൽനിന്ന് സിറപ്പ് പിൻവലിക്കാനും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.