പരവൂർ: ധരിക്കാവുന്ന സ്മാർട്ട് ഗ്ലാസുകൾ (കണ്ണടകൾ) ഉപയോഗിച്ച് ഇനി പേയ്മെന്റുകൾ നടത്താൻ കഴിയുന്ന സംവിധാനത്തിന് യുപിഐ പരീക്ഷണാർഥം തുടക്കമിട്ടു.ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്ത് വോയ്സ് കമാൻഡ് നൽകി യുപിഐ വഴി പെയ്മെന്റുകൾ നടത്താൻ ഇപ്പോൾ ധരിക്കാവുന്ന സ്മാർട്ട് ഗ്ലാസുകൾ വഴി കഴിയും.
തുടക്കത്തിൽ ആയിരം രൂപ വരെയുള്ള ഇടപാടുകൾ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ.കണ്ണടകൾ ഉപയോഗിച്ചുള്ള ഈ ചെറിയ മൂല്യമുള്ള ഇടപാടുകൾക്ക് മൊബൈൽ ഫോണോ പേയ്മെന്റ് സ്ഥിരീകരണത്തിന് പിൻ നമ്പറോ ആവശ്യമില്ലന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ വ്യക്തമാക്കി.
സ്മാർട്ട് ഗ്ലാസുകളിൽ യുപിഐ ലൈറ്റ് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോയും എൻപിസിഐ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഒരു വ്യക്തിക്ക് ഇത്തരത്തിൽ എങ്ങനെ പണമിടപാട് നടത്താം എന്നത് സംബന്ധിച്ച് ” നോക്കൂ, സംസാരിക്കൂ, പണമടയ്ക്കൂ” എന്നത് സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നു.
എപ്പോഴും ബന്ധിപ്പിച്ചിരിക്കുന്നതും യാത്രയിലായിരിക്കുമ്പോൾ തന്നെ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ജീവിതശൈലിയിലേക്കുള്ള മാറ്റമാണ് ഇതുകൊണ്ട് എൻപിസിഐ ഉദ്ദേശിക്കുന്നത്. തടസമില്ലാത്ത ഡിജിറ്റൽ പേയ്മെന്റുകൾ പ്രാപ്തമാക്കുന്ന പുതിയ ചുവടുവയ്പ്പായാണ് എൻപിസിഐ ഇതിനെ വിശേഷിപ്പിക്കുന്നത്.
നിലവിൽ ലെൻസ് കാർട്ട് പുറത്തിറക്കിയ സ്മാർട്ട് ഗ്ലാസുകളിലാണ് യുപിഐ പേയ്മെന്റ് നടത്താനുള്ള സൗകര്യമുള്ളത്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറക്കാൻ പദ്ധതിയിടുന്ന ബി- കാമറ സ്മാർട്ട് ഫോണുകൾ ഇത്തരം ഇടപാടുകൾക്ക് കൂടുതൽ പ്രവർത്തന സൗകര്യവും സവിശേഷതകളും ഉള്ളതായിരിക്കും.
യുപിഐ ഇടപാടുകളിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ.
എസ്.ആർ. സുധീർ കുമാർ