മട്ടന്നൂർ: കേരളത്തിന് ഉയർന്ന പരിഗണനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്നതെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജ്യസഭ എംപി സി. സദാനന്ദന്റെ ഓഫീസ് ഉദ്ഘാടനവും മട്ടന്നൂർ പൗരാവലിയുടെ നേതൃത്വത്തിൽ എംപിക്ക് നല്കുന്ന സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ എംപിയെന്ന നിലയിൽ വലിയ വികസന പദ്ധതികൾ കണ്ണൂരിലേക്ക് കൊണ്ടുവരാൻ സി. സദാനന്ദന് കഴിയും. മന്ത്രിയാകണമെന്ന് ഒരിക്കലും താൻ ആഗ്രഹിച്ചിട്ടില്ല. സിനിമാഭിനയം തുടരണമെന്നായിരുന്നു ആഗ്രഹം. ഇപ്പോൾ വരുമാനം വലിയ തോതിൽ നിലച്ചു.
പാർട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താൻ. തന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കിയാൽ പുതിയ രാഷ്ട്രീയ ചരിത്രമാകും. മനസിലുള്ളത് മറച്ചുവച്ച് ചിരിച്ചുകാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂർ- ശിവപുരം റോഡിൽ ഇല്ലംമൂലയിൽ ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന പൗരസ്വീകരണത്തിൽ സ്വാഗത സംഘം ചെയർമാൻ ഡോ. കൂമുള്ളി ശിവരാമൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ വത്സൻ തില്ലങ്കേരി, ബിജു ഏളക്കുഴി, മട്ടന്നൂർ നഗരസഭ കൗൺസിലർ എ. മധുസൂദനൻ, ഡോ. ടി.പി. രവീന്ദ്രൻ, കൃഷ്ണകുമാർ കണ്ണോത്ത്, സി.എച്ച്. മോഹൻദാസ്, പ്രഫ. കെ.കെ. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.