കോഴിക്കോട്: എന്ഡിഎ നേതൃത്വം നല്കുന്ന കേന്ദ്രസര്ക്കാരില് മുസ്ലിം വിഭാഗത്തില്നിന്നുള്ള മന്ത്രി ഇല്ലാത്തത് മുസ്ലികള് ബിജെപിക്കു വോട്ടു ചെയ്യാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്.
കോഴിക്കോട് പ്രസ്ക്ലബ്ബിന്റെ തദ്ദേശം 2025 പരിപാടിയില് സംസാരിക്കുകയായിരുന്നു അദേഹം. മുസ്ലിംകള് വോട്ട് ചെയ്യാതെങ്ങനെ എംപി ഉണ്ടാകും? പിന്നെ എങ്ങനെ മുസ്ലിം മന്ത്രി ഉണ്ടാകും? ഞങ്ങളെ സഹായിക്കൂ, ഞങ്ങള്ക്ക് വോട്ട് ചെയ്യൂ, ഞങ്ങള് മുസ്ലിംകള്ക്ക് മന്ത്രിസ്ഥാനം നല്കാം-രാജീവ് ചന്ദ്രശേഖര് പറഞ്ഞു.
രാജ്യസഭാ എംപി മുഖേനെ മന്ത്രിസ്ഥാനം നല്കാനാകുമല്ലോ എന്ന ചോദ്യത്തിന്, മുമ്പ് കേന്ദ്രമന്ത്രിസഭയില് മുസ്ലിം മന്ത്രിമാര് ഉണ്ടായിരുന്നുവല്ലോ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില് ഒട്ടേറെ സ്ഥലങ്ങളില് ബിജെപി മുസ്ലിം സ്ഥാനാര്ഥികളെ നിറുത്തിയിട്ടുണ്ട്.
ഒരു മതവിഭാഗത്തിനോടോ സമുദായത്തോടോ വിശ്വാസത്തിനോ ബിജെപി എതിരല്ല. പക്ഷേ, ഭരണഘടനയെ എതിര്ക്കുന്ന ജമാഅത്ത് ഇസ്ലാമി, വെല്ഫെയര് പാര്ട്ടികളെ ശക്തമായി എതിര്ക്കും. ഭരണഘടനയെ മുറുകെപ്പിടിച്ചാണ് ബിജെപി മുന്നോട്ടു പോകുന്നത്.
ബിജെപി മറ്റു മതവിഭാഗങ്ങള്ക്ക് എതിരാണെന്നത് സിപിഎമ്മിന്റെയും കോണ്ഗ്രസിന്റെയും കളള പ്രചാരണമാണെന്നു രാജീവ് ചന്ദ്രശേഖര് കൂട്ടിച്ചേർത്തു.

