പരവൂർ: രാജ്യത്ത് ഉടൻ സർവീസ് ആരംഭിക്കാൻ പോകുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ രണ്ടാം റേക്കിന്റെ നിർമാണം പൂർത്തിയായി.
ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് നിർമിച്ച ഈ റേക്ക് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിച്ചു. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് 10 വന്ദേ സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനാണ് ഇന്ത്യൻ റെയിൽവേ ഓർഡർ നൽകിയിരുന്നത്.
ഇതിൽ രണ്ടാമത്തേതാണ് ഐസിഎഫിനു കൈമാറിയിട്ടുള്ളത്. പരീക്ഷണ ഓട്ടം പല ഘട്ടങ്ങളിലായി ഉടൻ ആരംഭിക്കുമെന്ന് ഐസിഎഫ് അധികൃതർ വ്യക്തമാക്കി.ആദ്യ ട്രെയിന്റെ പരീക്ഷണ ഓട്ടം മാസങ്ങൾക്കുമുമ്പ് വിജയകരമായി പൂർത്തീകരിച്ചിരുന്നു. രണ്ടാമത്തെ ട്രെയിന്റെ ട്രയൽ റണ്ണും നടത്തിയ ശേഷം സർവീസ് ആരംഭിക്കാനാണു റെയിൽവേയുടെ തീരുമാനം.
രണ്ട് വന്ദേഭാരത് സ്വീപ്പർ ട്രെയിനുകളുടെ സർവീസ് ഉദ്ഘാടനം ഒരുമിച്ചായിരിക്കുമെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ബിഇഎംഎൽ വിതരണം ചെയ്ത രണ്ടാമത്തെ റേക്ക് ഐസിഎഫിൽ ഇപ്പോൾ നിർബന്ധിത പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നത് പുരോഗമിക്കുകയാണ്. റിസേർച്ച് ഡിസൈൻ ആൻ്റ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ(ആർഡിഎസ്ഒ) മേൽനോട്ടത്തിലാണ് പരീക്ഷണം നടക്കുന്നത്.
ട്രയൽ റണ്ണും അവരുടെ സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിൽ തന്നെയാണ് നടത്തുക. രണ്ടാമത്തെ റേക്കിൽ ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി നിരവധി നവീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.ടോയ്ലറ്റുകളിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തി. കൂടുതൽ സുഖസൗകര്യകൾക്കായി ബർത്തുകളും പരിഷ്കരിച്ചു.
ഓർഡർ നൽകിയിൽ ബാക്കിയുള്ള എട്ട് ട്രെയിനുകൾ 2026 അവസാനത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കി ഐസിഎഫിന് കൈമാറുമെന്നും ബിഇഎംഎൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്