ന്യൂഡൽഹി: ഊർജമേഖലയിൽ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണനയെന്ന് കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം.
“എണ്ണയും വാതകവും വലിയതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അസ്ഥിരമായ ഊർജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ ഏറ്റവും വലിയ മുൻഗണന നൽകുന്നു.
ഇന്ത്യയുടെ ഇറക്കുമതിനയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’- വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. സ്ഥിരമായ ഊർജവിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ. ഊർജസ്രോതസുകൾ വിശാലമാക്കുന്നതും വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ തത്കാലം മാറ്റമൊന്നുമില്ലെന്നാണ് സർക്കാർവൃത്തങ്ങൾ അറിയിക്കുന്നത്. മാത്രമല്ല, ഒക്ടോബറിലെ ഇതുവരെയുള്ള ഇറക്കുമതി കഴിഞ്ഞമാസത്തേക്കാൾ കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, വ്യാപാര ചർച്ചകൾക്കായി വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥർ അമേരിക്കയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കും. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തുക എന്നതു കരാറിൽ ഉപാധിയാക്കാനാവില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
നേരത്തെ, ട്രംപിന്റെ പരാമർശത്തിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. “പ്രധാനമന്ത്രി മോദി ട്രംപിനെ ഭയപ്പെടുന്നു’വെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും മോദി ട്രംപിനെ അനുവദിക്കുന്നു. ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയയ്ക്കുന്നതു മോദി തുടരുന്നു. ധനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദാക്കി തുടങ്ങിയ ആരോപണങ്ങളാണ് രാഹുൽ എക്സിലെ പോസ്റ്റിൽ കുറിച്ചത്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പു നൽകിയതായി ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഉടനടി മോദിക്കിതു ചെയ്യാൻ കഴിയില്ലെന്നും വൈകാതെ റഷ്യയുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
യുക്രെയ്ൻ യുദ്ധം ആരംഭിച്ചതുമുതൽ, പാശ്ചാത്യ ശക്തികൾ; പ്രത്യേകിച്ച് അമേരിക്ക, റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയെ ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയിരുന്നു.
“യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നങ്ങളാണ്, പക്ഷേ ലോകത്തിന്റെ പ്രശ്നങ്ങൾ യൂറോപ്പിന്റെ പ്രശ്നങ്ങളല്ല’ എന്ന മനോഭാവത്തിൽനിന്ന് പാശ്ചാത്യലോകം വളരേണ്ടതുണ്ടെന്നു പറഞ്ഞ ജയശങ്കർ അവരുടെ ഇരട്ടത്താപ്പുകളെ ചൂണ്ടിക്കാണിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു.