വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ആറളം ഫാമിനെ കൂടുതൽ മനോഹരമാക്കാൻ പുതിയ അതിഥികൾ എത്തിക്കഴിഞ്ഞു. കേരളത്തിലെ തുമ്പി ഗവേഷണചരിത്രത്തിൽ പുതിയൊരു ചുവടുറപ്പിച്ച് ആറളം വന്യജീവി സങ്കേതം “ഡ്രാഗൺഫ്ലൈ മീറ്റ് 2025′ വിജയകരമായി പൂർത്തിയായി. ഒക്ടോബർ പത്തു മുതൽ 12 വരെ നടന്ന മൂന്നു ദിവസത്തെ മീറ്റിൽ വിദ്യാർഥികൾ, ഗവേഷകർ, പ്രകൃതി സ്നേഹികൾ തുടങ്ങി 60 ലധികം പേർ പങ്കെടുത്തു.
അന്തരിച്ച തുമ്പി ഗവേഷകൻ സി.ജി. കിരണിന്റെ സ്മരണയിൽ സംഘടിപ്പിച്ച ഈ പരിപാടി ആറളം വന്യജീവി സങ്കേതം, കേരള വനം-വന്യജീവി വകുപ്പ്, മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (കോഴിക്കോട്), ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (തിരുവനന്തപുരം) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു നടത്തപ്പെട്ടത്.
“ആറളം എപ്പോഴും ഒരു ജീവവൈവിധ്യ കേന്ദ്രമാണ്. വനവകുപ്പും ഗവേഷകരും വിദ്യാർഥികളും ചേർന്ന് അറിവ് സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ മീറ്റ്. പൗരശാസ്ത്രം ഇപ്പോൾ കേരളത്തിലെ സംരക്ഷണത്തിന്റെ അടിത്തറയാകുകയാണ്. ഈ പരിപാടിയെ ഇനി മുതൽ വാർഷിക സർവേ കലണ്ടറിന്റെ ഭാഗമാക്കും.” ഡ്രാഗൺഫ്ലൈ മീറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ പറഞ്ഞു.
11 ടീമുകൾ പങ്കെടുത്ത ഓഡൊനേറ്റ്-ബയോബ്ലിറ്റ്സ് പരിപാടിയായിരുന്നു മീറ്റിന്റെ പ്രധാന ആകർഷണം. ആറളത്തും കൊട്ടിയൂരിലുമുള്ള ഏഴ് മേഖലകളിയിലായി (ചാവച്ചി, പരിപ്പുതോട്, നരിക്കടവ്, കൊട്ടിയൂർ, മീൻമുട്ടി, സൂര്യമുടി, അമ്പലപ്പാറ) നടന്ന ഫീൽഡ് സർവേയിൽ 58 സ്പീഷിസുകൾ രേഖപ്പെടുത്തി. അതിൽ ഏഴ് സ്പീഷിസുകൾ ആറളം സങ്കേതത്തിൽ ആദ്യമായി കണ്ടെത്തിയവയാണ്.
കുറുനഖവാലൻ (Melligomphus acinaces), ചോല കടുവ (Merogomphus tamaracherriensis), പൊക്കൻ കടുവ (Acrogomphus fraseri), നീലക്കറുപ്പൻ വ്യാളി (Orthetrum triangulare), മഞ്ഞക്കറുപ്പൻ മുളവാലൻ (Elattoneura tetrica), വയനാടൻ അരുവിയൻ (Euphaea waynadensis), നാട്ടു പെരുംകണ്ണൻ (Macromia cingulata) എന്നിവയാണവ.
ഇതോടെ ആറളം വന്യജീവി സങ്കേതത്തിലെ തുമ്പികളുടെ എണ്ണം 103 ആയി ഉയർന്നു. കൂടാതെ, കേരളത്തിലെ ഏറ്റവും സമ്പന്നമായ തുമ്പി ആവാസവ്യവസ്ഥകളിലൊന്നായി ആറളം ഉറപ്പിച്ചു. ചെറിയ ശരീരവും സുതാര്യമായ ചിറകുകളും കൊണ്ട് പ്രകൃതിയുടെ സുന്ദരമായ സൃഷ്ടികളിലൊന്നായി ഇവയെ നമുക്ക് കണക്കാക്കാം.
ശുദ്ധജല സ്രോതസുകളുള്ള സുന്ദരമായ പ്രദേശങ്ങളിലാണ് തുമ്പികൾ കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ആറളം പ്രദേശം ശുദ്ധജല സ്രോതസുകളും തഴച്ചു വളർന്ന പച്ചപ്പും കൊണ്ട് തുമ്പികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയാണെന്ന് പറയാം. കൂടാതെ, ഇവയെ പ്രകൃതിയുടെ ആരോഗ്യസൂചിക എന്നും ശാസ്ത്ര ലോകം വിളിക്കുന്നു.
“ഇത് തുമ്പി പ്രേമികളുടെ ഒരു സംഗമം മാത്രമല്ല; കേരളത്തിലെ പൗരശാസ്ത്ര പ്രസ്ഥാനത്തിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ്. വിദ്യാർഥികൾ ഇന്ന് ശാസ്ത്രീയ കൃത്യതയോടെ തത്സമയ ജീവജാല രേഖപ്പെടുത്തലിൽ പങ്കാളികളാകുന്നു.” ഡോ. എം. ജാഫർ പാലോട്ട് (ശാസ്ത്രജ്ഞൻ, ZSI) പറഞ്ഞു.
“നന്നായി പഠിക്കപ്പെട്ട ഒരു സങ്കേതത്തിൽ നിന്ന് ഏഴു പുതിയ രേഖകൾ കണ്ടെത്തിയതിലൂടെ തുടർച്ചയായ സർവേയുടെ പ്രാധാന്യം തെളിയുന്നു. പൗരശാസ്ത്രം അധിഷ്ഠിത ഗവേഷണത്തിന്റെ ശക്തി ഇതിലൂടെ വ്യക്തമാണ്.” സമ്മേളനത്തിന്റെ കൺവീനർ ഡോ. കലേഷ് സദാശിവൻ കൂട്ടിച്ചേർത്തു.