ബോളിവുഡിലെ മുതിര്‍ന്ന നടനായ ശത്രുഘ്നന്‍ സിന്‍ഹയുടെ മകള്‍ സൊനാക്ഷിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ്. ഇപ്പോഴിതാ തന്റെ ഫേക്ക് പ്രെഗ്നന്‍സി വാര്‍ത്തകള്‍ക്ക് നര്‍മരസം കലര്‍ത്തി സൊനാക്ഷി നൽകിയ മറുപടിയാണ് വൈറൽ.
ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിള്‍സാണ് സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും. ദീര്‍ഘനാള്‍ പ്രണയിച്ച ശേഷമാണ് സൊനാക്ഷി സഹീര്‍ ഇക്ബാലിനെ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദമ്പതിമാരുടെ ക്യൂട്ട് റീലുകൾ എപ്പോഴും വൈറലാകാറുണ്ട്. സൊനാക്ഷി സിൻഹയും ഭർത്താവ് സഹീർ ഇക്ബാലും തമ്മിലുള്ള മാന്ത്രിക രസതന്ത്രം ഇവരുടെ പ്രണയത്തിന്റെ മാറ്റ് കൂട്ടാറുണ്ട്.
സൊനാക്ഷി ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ കുറച്ചുനാളായി പ്രചരിക്കുന്നതാണ്. വിക്രം ഫഡ്നിസിന്റെ 35 വർഷത്തെ സിനിമാ ജീവിതത്തിലെ ആഘോഷത്തിൽ സൊനാക്ഷിയും സഹീറും പങ്കെടുത്തപ്പോഴാണ് ഏറ്റവും പുതിയ വാർത്ത വന്നത്. ക്രീം അനാർക്കലി സ്യൂട്ടിലെത്തിയ സൊനാക്ഷി, തന്റെ വയർ മൂടുന്ന വിധത്തിൽ ദുപ്പട്ട ധരിച്ചിരുന്നു, ഇത് അവർ ഗർഭിണിയായിരിക്കാമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി.
ഇപ്പോഴിതാ തന്റെ പ്രെഗ്നന്‍സി വാര്‍ത്തകളോട് വളരെ രസകരമായി പ്രതികരിക്കുകയാണ് സൊനാക്ഷി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗർഭധാരണത്തിനുള്ള ലോക റെക്കോർഡ് (നമ്മുടെ മനോഹരവും അതിബുദ്ധിമാനുമായ പപ്പപാസി മാധ്യമങ്ങൾ വിവരം അനുസരിച്ച് 16 മാസവും അതിൽ കൂടുതലും) തനിക്കെന്നാണ് സൊനാക്ഷി കുറിച്ചത്.
ദീപാവലി ആഘോഷത്തിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കിട്ടതിനൊപ്പമായിരുന്നു രസകരമായ ഇൻസ്റ്റഗ്രാം കുറിപ്പ്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ അവരുടെ ഗർഭധാരണത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ കിംവദന്തികളും അവസാനിപ്പിച്ചിരിക്കുകയാണ്.