കൊച്ചി: കൊച്ചിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്നും 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയയെന്ന സംശയത്തില്‍ പോലീസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശി പി.കെ. റഹീസ് (39), ആരക്കൂര്‍ തോളാമുത്തംപറമ്പ് സ്വദേശി വി. അന്‍സാര്‍ (39), പന്തീരാങ്കാവ് സ്വദേശി സി.കെ. അനീസ് റഹ്മാന് (25) എന്നിവരാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് കൊച്ചി സിറ്റി സൈബര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.
കാലിഫോര്‍ണിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്യാപിറ്റലിക്സിന്റെ വ്യാജ സൈറ്റും ആപ്പും നിര്‍മ്മിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയാന്നൊണ് പോലീസ് നിഗമനം. പിടിയിലായ മൂന്നു പ്രതികളും അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ കംബോഡിയ, തായ്ലാന്ഡ് സ്വദേശികളെ കണ്ടതായാണ് പോലീസിന്റെ കണ്ടെത്തല്‍. നേരത്തെ തട്ടിപ്പിന്റെ ഉറവിടം സൈപ്രസ് എന്ന് കണ്ടെത്തിയ പോലീസ് സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഖേന ബന്ധപ്പെട്ടിട്ടും കാര്യമായ മറുപടി ലഭിച്ചിരുന്നില്ല.
ഫോറന്സസിക് ടൂളുകളായ ഐ9, യുഎഫ്ഐഇഡി, സിനിക്, ഒസിറ്റ് എന്നീ ടൂള്‍ ഉപയോഗിച്ച നടത്തിയ വിദഗ്ദമായ അന്വേഷണമാണ് പ്രതികളെ കണ്ടെത്തുന്നതിന് സൈബര്‍ പോലീസിനെ സഹായിച്ചത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
പണം തട്ടിയെടുത്തത് 90 തവണകളായി
ക്യാപിറ്റാലിക്സ് എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 24.7 കോടി രൂപയാണ് പ്രതികളടങ്ങുന്ന സൈബര്‍ തട്ടിപ്പ് സംഘം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമില് നിന്നും തട്ടിയെടുത്തത്. 2023 മാര്‍ച്ച് 15 മുതല്‍ ഓഗസ്റ്റ് 29 വരെ 25 ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഫോണ്‍വഴി സംസാരിച്ചും ടെലഗ്രാം ചാറ്റിംഗിലൂടെയുമായിരുന്നു ഇടപാട്. വെബ്സൈറ്റ് ആപ്ലിക്കഷന് വഴിയും തട്ടിപ്പ് നടത്തി.
ഫേസ്ബുക്ക് പരസ്യം കണ്ടാണ് പരാതിക്കാരന് ഇവരെ സമീപിച്ചത്. ക്യാപ്പിറ്റലിക്സ് കമ്പനിയുടെ പേരില്‍ വ്യാജഷെയര്‍ ട്രേഡിംഗിലൂടെ പെട്ടെന്ന് ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സൈബര്‍ തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ച 40 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍, 250 സിം കാര്‍ഡുകള്‍, 40 മൊബൈല്‍ ഫോണുകള്‍, നിരവധി ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ പ്രതികളുടെ കോഴിക്കോട്ടെ ഫഌറ്റില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പ് നല്‍കുന്നവരാണ് പിടിയിലായ റഹീസും അന്‍സാറും. അനീസാണ് സിം കാര്‍ഡുകള്‍ എത്തിച്ച് നല്‍കുന്നത്.
പണം തിരികെ ലഭിക്കാനുള്ള നടപടി തുടങ്ങി
തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ നിന്ന് 3.4 ലക്ഷം രൂപ പ്രതികള്‍ പിന്‍വലിച്ചിരുന്നു. ഇതിന്റെ ബാങ്ക് രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണത്തില്‍ 40 ലക്ഷം രൂപ പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഹോള്‍ഡ് ചെയ്തിട്ടുണ്ട്. ഇത് തിരികെ ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 90 ശതമാനം പണവും വിദേശത്തേയ്ക്ക് കടത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ക്രിപ്റ്റോ കറസിയായി എക്സചേഞ്ച് ചെയ്ത ശേഷം യുഎസ് ഡോളറായി മാറ്റുകയാണ് സംഘം ചെയ്തത്.
കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയോയെന്ന് അന്വേഷണം
അറസ്റ്റിലായ പ്രതികള്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്ക് വിദേശികളുമായി അടുത്ത ബന്ധമുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. കേസില്‍ സെപ്റ്റംബര്‍ 16ന് കൊല്ലം അഞ്ചല്‍ സ്വദേശിനി ജി. സുജിതയെ (35) അറസ്റ്റ് ചെയ്തിരുന്നു. സുജിത ഇന്റര്‍നെറ്റ് ബാങ്കിംഗിന് ഉപയോഗിച്ച സിം കാര്‍ഡ് ഇട്ടിരുന്ന ഫോണ്‍ പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രതികള്‍ കൈവശം വച്ചിരുന്ന മ്യൂള്‍ അക്കൗണ്ടുകളില്‍ ചിലത് നേരത്തെ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘമാണെന്ന് പോലീസ് കണ്ടെത്തി. ഈ സംഘത്തിന് തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിച്ചുവരുകയാണ് കേസിന്റെ ആദ്യഘട്ടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ സാന്നിധ്യം പോലീസ് സംശയിച്ചിരുന്നു.