കാര്‍ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് ഗണ്യമായി കുറച്ച് ഉയര്‍ന്ന അളവില്‍ കൊഴുപ്പും പ്രോട്ടീനും ഉള്‍പ്പെടുത്തിയ ഡയറ്റാണ് കീറ്റോ ഡയറ്റ്. ഏകദേശം 75% വരെ കൊഴുപ്പ്, 20% പ്രോട്ടീന്‍, 10% കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നു.
ഗുണങ്ങള്‍
· ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
· അപസ്മാരം പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു ഡയറ്റാണിത്. പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് ഗുണം ചെയ്യും.
· കീറ്റോഡയറ്റ് ഇന്‍സുലിന്‍ സംവേദന ക്ഷമത 75% വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നു.
· ട്യൂമര്‍ വളര്‍ച്ച മന്ദഗതിയിലാക്കുന്നു.
· മസ്തിഷ്ക്കാഘാതത്തിന്റെ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നു.
· ആൽസ്ഹൈമേഴ്സ്, പാര്‍ക്കിന്‍സോണിസം രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നു.
ആരൊക്കെ ഇത് ഉപയോഗിക്കരുത്?
· പ്രമേഹ രോഗമുള്ളവര്‍ കീറ്റോഡയറ്റ് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ ക്രമീകരിക്കണം.
· പാന്‍ക്രിയാസ്, കരള്‍, പിത്തസഞ്ചി, തൈറോയ്ഡ് രോഗമുള്ളവര്‍ക്ക് ഇത് സുരക്ഷിതമല്ല.
· ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്ലതല്ല.
· സ്ട്രോക്, ഹൃദയാഘാതം വന്നവര്‍ക്ക് അനുയോജ്യമല്ല.
ദോഷവശങ്ങള്‍
കൂടുതല്‍ കാലയളവില്‍ കീറ്റോഡയറ്റ് പിന്തുടരുന്നവര്‍ക്ക് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ഓക്കാനം, ക്ഷീണം, തലവേദന, അസ്വസ്ഥത എന്നിവ ഡയറ്റിന്റെ ആദ്യ ദിവസങ്ങളില്‍ ഉണ്ടാകാം. കീറ്റോഡയറ്റ് നോക്കുന്നവര്‍ക്ക് മുടി അമിതമായി കൊഴിയുന്നതായി കാണാം.
കീറ്റോഡയറ്റില്‍ നാരുകള്‍, വിറ്റാമിനുകള്‍, ലവണങ്ങള്‍ തുടങ്ങിയ ആവശ്യപോഷകങ്ങളുടെ കുറവുണ്ടായാല്‍ ആരോഗ്യത്തെ തന്നെ ബാധിക്കാം. ദഹന പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. കീറ്റോഡയറ്റ് നോക്കുന്നവര്‍ക്ക് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കേണ്ടി വരും. ഇതു മൂലം ഇലക്ട്രോലൈറ്റുകള്‍ നഷ്ടമാകാം.