ലുധിയാന: പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു. ലുധിയാനയിൽനിന്ന് ഡൽഹിയിലേക്കു സഞ്ചരിക്കുകയായിരുന്ന ഗരീബ് രഥ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്നു രാവിലെ സിർഹിന്ദ് സ്റ്റേഷനു സമീപത്തുവച്ചായിരുന്നു അപകടം.
പത്തൊന്പതാം നന്പർ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റു ബോഗികളിലേക്ക് തീപടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനുകാരണമെന്നു പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധിപ്പേർക്ക് പൊള്ളലേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. തീപടരുന്നതു ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തി.
പരിഭ്രാന്തരായ യാത്രക്കാർ ബോഗികളിൽനിന്ന് ഇറങ്ങിയോടി. വൻ ദുരന്തമാണ് ഒഴിവായതെന്ന് യാത്രക്കാർ പറഞ്ഞു. ഫയർഫോഴ്സ്, പോലീസ്, റെയിൽവേ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.