ചില യാത്രകളിൽ ഭക്ഷണം കഴിക്കുന്നത് നന്നേ ദുർഘടമായ കാര്യമാണ്. പ്രത്യേകിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്പോൾ. വൃത്തിയുള്ള ഭക്ഷണം ലഭിക്കാൻ കുറച്ചൊക്കെ ഭാഗ്യവും വേണം. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബിഹാറിലെ ജോഗ്ബാനിയെയും തമിഴ്നാട് ഈറോഡിനെയും ബന്ധിപ്പിക്കുന്ന ജോഗ്ബാനി-ഈറോഡ് അമൃത് ഭാരത് എക്സ്പ്രസിൽ നടന്നതാണ് സംഭവം. ട്രെയിനിനുള്ളിൽ റെയില്‍വേ ജീവനക്കാരനെന്ന് കരുതുന്ന ഒരാള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന വാഷ്ബേസിനില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കണ്ടെയ്നറുകൾ കഴുകി സമീപത്ത് അടുക്കിവയ്ക്കുന്നതാണ് വീഡിയോ.
തിരിച്ചയയ്ക്കാന്‍ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് അയാളുടെ മറുപടി. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്ന സൗകര്യങ്ങള്‍ ഇതാണോ എന്ന് കോൺഗ്രസ് ചോദിച്ചു. പൊതുജനങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ക്ക് മുഴുവന്‍ ചാര്‍ജും ഈടാക്കുന്നു. എന്നിട്ട് നിന്ദ്യമായ പ്രവര്‍ത്തി നടത്തുന്നു. ഇതിൽ നാണക്കേട് തോന്നുന്നില്ലേയെന്നും കോൺഗ്രസ് ചോദിക്കുന്നു.