ചേർത്തല: നഗരത്തിലെ ഭാഗ്യക്കുറി വിൽപ്പനശാലയിൽ മോഷണം. 2.16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരത്തോളം രൂപയും മോഷ്ടിച്ചു. ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്കുവശം കണിച്ചുകുളങ്ങര പള്ളിക്കാവ് വെളി ലതാ ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപ്പനശാലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം.
സമീപത്തെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന മോഷ്ടാവ് കടയുടെ മതിലിനുള്ളിൽ പ്രവേശിച്ചു. കടയ്ക്ക് വടക്കുഭാഗത്തുള്ള ജനൽപ്പാളി തുറന്ന് കമ്പി അറുത്തുമാറ്റി കമ്പിപ്പാര ഉപയോഗിച്ച് ഉള്ളിലുണ്ടായിരുന്ന ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച നറുക്കെടുക്കുന്ന ഭാഗ്യധാര, ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി, ബുധനാഴ്ചത്തെ ധനലക്ഷ്മി എന്നിവയുടെ 5143 ലോട്ടറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്.
കടയിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും തിങ്കളാഴ്ച പുലർച്ചെ 2.45ന് മോഷ്ടാവ് വരുന്നതും മോഷണം നടത്തുന്നതുമായ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.മോഷ്ടാവ് നീലനിറത്തിലുള്ള മഴക്കോട്ട് ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് എത്തിയത്. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കടയിലെ ഷെൽഫിൽ കെട്ടുകളായി അടുക്കിവച്ചിരുന്ന ടിക്കറ്റുകളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയുമാണ് നഷ്ടപ്പെട്ടത്. ചേർത്തല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.
തുടർന്ന് ആലപ്പുഴയിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.കടയ്ക്കുള്ളിൽനിന്ന് മണം പിടിച്ച ഡോഗ് കടയിൽനിന്ന് വടക്കോട്ട് ഓടി നടക്കാവ് റോഡുവഴി പടിഞ്ഞാട്ട് പാരഡൈസ് സിനിമ തിയറ്ററിനു മുന്നിൽ ചെന്നുനിന്നു.
മോഷ്ടാവിനെ കണ്ടെത്താൻ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഓഫീസർ ലൈസാദ് മുഹമ്മദ് പറഞ്ഞു.