ഇസ്ലാമിക ഭൂരിപക്ഷരാജ്യമായ ഇറാനില്‍ മെട്രോ സ്റ്റേഷനു പരിശുദ്ധ കന്യകാമറിയത്തിന്റെ പേര് നൽകി ഭരണകൂടം. രാജ്യതലസ്ഥാനമായ ടെഹ്റാനിലെ മെട്രോ സ്റ്റേഷനാണു പേർഷ്യൻ ഭാഷയിൽ മറിയം-ഇ മൊകാദാസ് (പരിശുദ്ധ കന്യകാമറിയം) എന്ന പേര് നല്‍കിയിരിക്കുന്നത്. നഗരത്തിലെ അർമേനിയൻ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായ സെന്റ് സർക്കിസ് അർമേനിയൻ കത്തീഡ്രലിനു സമീപമാണ് പുതിയ മെട്രോ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ 2.5 മീറ്റർ ഉയരമുള്ള തിരുസ്വരൂപത്തിനു പുറമേ ഈശോയുടെയും കന്യകാമറിയത്തിന്റെയും സെന്റ് സാർക്കിസ് കത്തീഡ്രലിന്റെയും ചിത്രങ്ങളും ഉൾപ്പെടെ വിവിധ ക്രിസ്ത്യൻ രൂപങ്ങളുടെ ചുവർച്ചിത്രങ്ങളും സ്റ്റേഷന്റെ ചുവരുകളെ മനോഹരമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ലൈൻ ആറിന്റെ ഭാഗമായ ഈ സ്റ്റേഷൻ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കടുത്ത ഇസ്ലാമിക നിലപാടുള്ള രാജ്യത്തു മെട്രോ സ്റ്റേഷന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേര് നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കം ഏവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. സർക്കാർ തീരുമാനത്തെ ടെഹ്റാൻ-ഇസ്ഫഹാൻ ആർച്ച്ബിഷപ് കർദിനാൾ ഡൊമിനിക് ജോസഫ് മാത്തിയെ അഭിനന്ദിച്ചു.
ഇറാനിലെ ജനസംഖ്യയുടെ 99 ശതമാനവും ഇസ്ലാം മതസ്ഥരാണ്. ക്രൈസ്തവര്‍ വെറും ഒരു ശതമാനം മാത്രമാണ്. രാജ്യത്തിന്റെ ഭരണഘടന ക്രൈസ്തവ വിശ്വാസികളെയും യഹൂദരെയും മത ന്യൂനപക്ഷങ്ങളായി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ രാജ്യത്തു വലിയ വിവേചനം നേരിടുന്നുണ്ട്. മതപണ്ഡിതന്മാരുടെ സമ്മർദവും കർക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വർധനവാണ് ഓരോ വർഷവും ഉണ്ടാകുന്നത്. ക്രൈസ്തവര്‍ക്കു ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്. ക്രൈസ്തവർ മാത്രമല്ല ഇസ്ലാം മതസ്ഥരും വണങ്ങുന്ന പരിശുദ്ധ കന്യകാമറിയത്തോടുള്ള ബഹുമാനസൂചകമായാണു സ്റ്റേഷന് ഈ പേര് നൽകിയതെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.