2004-ൽ ചെല്ലമേ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് വിശാൽ കൃഷ്ണ. ഈ വർഷം സിനിമാമേഖലയിൽ 21 വർഷം പൂർത്തിയാക്കുന്ന താരം, ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം സംഘട്ടന രംഗങ്ങൾ കൈക്കാര്യം ചെയ്യുന്ന നടൻ കൂടിയാണ്.
ഇക്കഴിഞ്ഞ ദിവസം ‘യൂവേഴ്സ് ഫ്രാങ്ക്ലി വിശാൽ’ എന്ന പോഡ്കാസ്റ്റിന്റെ പ്രൊമോ വീഡിയോ വിശാൽ ഫിലിം ഫാക്ടറി എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരുന്നു. പ്രൊമോയിൽ തന്റെ സിനിമായാത്രയെക്കുറിച്ചും സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശാലിന്റെ സംഭാഷണമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വിശാലിനെയും ആര്യയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2011-ൽ ബാല നിർമിച്ച സിനിമയാണ് ‘അവൻ ഇവൻ’. സിനിമയുടെ ചിത്രീകരണത്തിനൊടുവിൽ തന്റെ ശരീരത്തിൽ ആകെ 119 തുന്നലുകൾ ഉണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നു.
എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല. ആ സമയത്ത്, ബാല സാറിന് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യുമായിരുന്നു. ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. ആ വേഷത്തിനിടയിൽ ഞാൻ ഒരുപാട് വേദന അനുഭവിച്ചു.- വിശാൽ പറഞ്ഞു.
ചിത്രത്തിൽ കണ്ണിന് പ്രശ്നമുള്ള വാൾട്ടർ വളങ്കാമുടി എന്ന കഥാപാത്രമായാണ് വിശാൽ അഭിനയിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ കാഴ്ചയ്ക്കുപോലും സാരമായ തകരാറുകൾ വന്നെന്നും വേദന കുറയ്ക്കാൻ രാത്രികാലങ്ങളിൽ വിശാൽ, ഷൂട്ടിനിടയിൽ മദ്യം കഴിക്കുന്നത് ശീലമാക്കിയതായും വിശാലിന്റെ സിനിമയ്ക്കുവേണ്ടിയുള്ള കഷ്ടപ്പാടുകളെക്കുറിച്ച് ഒരിക്കൽ സഹനടനായ ആര്യതന്നെ തുറന്നുപറഞ്ഞിരുന്നു.
അതേസമയം ‘മദ ഗജ രാജ’യ്ക്ക് ശേഷം വിശാൽ നായകനായി എത്തുന്ന അടുത്ത സിനിമയാണ് മകുടം. ചിത്രത്തിൽ ദുഷാര വിജയനാണ് നായികയായി എത്തുന്നത്. വമ്പൻ ബജറ്റിൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. രവി അരശ് ആണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധാനം വിശാൽ തന്നെ ഏറ്റെടുത്തു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സംവിധായകൻ രവി അരശുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റി പകരം സംവിധാനം വിശാൽ ഏറ്റെടുത്തത് എന്നാണ് പറയപ്പെടുന്നത്.