വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതി താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും ഇതു സമയം പാഴാക്കാൻ മാത്രം ഉതകുന്ന ഒന്നാകാൻ പാടില്ലെന്നു നിർബന്ധമുള്ളതിനാലാണ് തീരുമാനമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ വാരമാണ് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ടെലിഫോണിൽ സംസാരിച്ചതിനുശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. ഉടനടിയുള്ള വെടിനിർത്തലിനോട് എതിർപ്പാണെന്ന് ലാവ്റോവ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങൾക്കിടയിലെ മുഖ്യവിഷയങ്ങളിലെല്ലാം ഉറച്ച നിലപാടില്ലാത്ത തരത്തിലാണു ട്രംപ് സമീപകാലത്തു പെരുമാറിയിട്ടുള്ളത്. പുടിനെ ഇപ്പോൾ കാണേണ്ടെന്നു ട്രംപ് തീരുമാനിച്ചത് യൂറോപ്യൻ നേതാക്കൾക്ക് ആശ്വാസമാണ്. കൃത്യമായ നിലപാട് അറിയിക്കാതെ ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയും യുദ്ധം സൗകര്യപൂർവം തുടരുകയുമാണ് പുടിൻ ചെയ്യുന്നതെന്ന് നേരത്തേ പല നേതാക്കളും വിമർശനമുന്നയിച്ചിരുന്നു.
ട്രംപ് അടുത്തിടെ സൂചിപ്പിച്ചതുപോലെ, റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ ഭൂമി അടിയറവു വച്ച് സമാധാനം വാങ്ങേണ്ടതില്ലെന്നാണു ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡന്റ്, ജർമൻ ചാൻസലർ എന്നിവരുടെ നിലപാട്. മരവിപ്പിച്ച റഷ്യൻ ബാങ്ക് അക്കൗണ്ടുകളിലുള്ള പണമുപയോഗിച്ച് യുക്രെയ്നെ യുദ്ധക്കളത്തിൽ സഹായിക്കാനും ഇവർക്കു പദ്ധതിയുണ്ട്. ഒാഗസ്റ്റിലെ ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്കുശേഷം സമാനമായ മറ്റൊരു കൂടിക്കാഴ്ചയെക്കുറിച്ച് ചിന്തിക്കുന്നതിനുമുന്പ് ഗൗരവമേറിയ തയാറെടുപ്പുകൾ ആവശ്യമാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചിട്ടുണ്ട്.
നേരത്തേ, ടോമഹോക് മിസൈലുകൾ യുക്രെയ്ൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ട്രംപ് അവ്യക്തമായ ഉത്തരങ്ങൾ നൽകുകയാണുണ്ടായത്. മിസൈലുകൾ ലഭിക്കുമെന്ന തോന്നലുണ്ടായ ഘട്ടത്തിൽ റഷ്യ നയതന്ത്ര ചർച്ചകൾക്കൊരുങ്ങിയിരുന്നുവെന്നും സമ്മർദം അയഞ്ഞപ്പോൾ ചർച്ച മാറ്റിവയ്ക്കുകയാണെന്നും സെലൻസ്കി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി ട്രംപ് ഇന്നു വൈറ്റ് ഹൗസിൽ ചർച്ചകൾ നടത്തുമെന്നാണ് കരുതുന്നത്. അതേസമയം, വ്യാഴാഴ്ച നടക്കുന്ന യൂറോപ്യൻ കൗൺസിൽ ഉച്ചകോടിയിൽ റഷ്യയ്ക്കുമേൽ കൂടുതൽ സാന്പത്തിക ഉപരോധങ്ങൾ ചുമത്തുന്നത് ചർച്ച ചെയ്യും.