തിരുവനന്തപുരം: കഠിനപരിശീലനത്തിനുശേഷം മെഡല്‍ സ്വന്തമാക്കി 2024ലെ കൊച്ചി മീറ്റില്‍ ചാമ്പ്യന്‍ സ്കൂള്‍ പട്ടികയില്‍ ഇടം നേടിയ തിരുനാവായ നാവാമുകുന്ദ സ്കൂള്‍; മത്സരം അവസാനിക്കുന്നതുവരെ ചാമ്പ്യന്‍ സ്കൂള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍, ചാമ്പ്യന്‍ സ്കൂളിനുള്ള ട്രോഫിവിതരണം ചെയ്യുന്നതിനായി അനൗണ്‍സ്മെന്റ് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനത്തേയ്ക്ക് വിളിച്ചത് തിരുവനന്തപുരം ജിവി രാജാ സ്പോര്‍ട്സ് സ്കൂളിനെ.
സ്കൂള്‍ കായികമേള മാനദണ്ഡ പ്രകാരം സ്പോര്‍ട് സ്കൂളും ജനറല്‍ സ്കൂളും വെവ്വേറെ എന്ന ക്രമത്തിലായിരുന്നു ചാമ്പ്യന്‍ സ്കൂളിനെ പ്രഖ്യാപിച്ചിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി ചാമ്പ്യന്‍ സ്കൂളിലെ പ്രഖ്യാപിച്ചതോടെ നാവാ മുകുന്ദ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോതമംഗലം മാര്‍ ബേസില്‍ നാലാമതായി. ഇതോടെ നാവാമുകുന്ദ ട്രോഫി വാങ്ങാതെ പ്രതിഷേധിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതായി അന്നു കായികതാരങ്ങളും അധ്യാപകരും പറഞ്ഞിരുന്നു. ദിവസങ്ങളോളം കഷ്ടപ്പെട്ട് മെഡല്‍ നേട്ടം നടത്തിയ അതേ ട്രാക്കില്‍ അധികാരികളുടെ കൃത്യതയില്ലാത്തതിനാല്‍ പോലീസിന്റെ മര്‍ദ്ദനം ഏൽക്കേണ്ടി വന്ന കായികതാരങ്ങള്‍ നൊമ്പരമായി മാറിയിരുന്നു.
പ്രതിഷേധിച്ചതിന്റെ പേരില്‍ നാവാമുകുന്ദയെയും കോതമംഗലം മാര്‍ ബേസിലിനെയും തുടര്‍ വര്‍ഷങ്ങളിലെ കായികമേളില്‍ നിന്നും ആദ്യഘട്ടത്തില്‍ വിലക്കുകയും ചെയ്തു. തുടര്‍ന്ന് പ്രത്യേക കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിക്കുകയും കായികതാരങ്ങളും അധ്യാപകരും മാപ്പെഴുതി നൽകിയ ശേഷമാണ് മത്സരത്തില്‍ പങ്കെടുപ്പിക്കാനുള്ള അനുമതി നല്‍കിയത്. കഴിഞ്ഞ തവണ സര്‍ക്കാരിന് തെറ്റുപറ്റിയെന്നു വ്യക്തമാക്കുന്നതാണ് ഇത്തവണ ജനറല്‍ സ്കൂളുകള്‍ക്കും സ്പോര്‍ട്് സ്കൂളുകള്‍ക്കും പ്രത്യേകം കാഷ് അവാര്‍ഡും ട്രോഫിയും പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ കണ്ണീരണിഞ്ഞു പോയതിന് ഇത്തവണ മെഡല്‍ നേട്ടത്തിലൂടെ മറുപടി നൽകാനുള്ള ശ്രമത്തിലാണ് നാവാമുകുന്ദ.
സീനിയര്‍ പെണ്‍കുട്ടികളില്‍ ആദിത്യ അജിയിലും സീനിയര്‍ ആണ്‍കുട്ടികളില്‍ ഫസലുല്‍ ഹഖിലും പ്രതീക്ഷയാണ്. ജൂണിയര്‍ പെണ്‍കുട്ടികളില്‍ കെ.പി. ശ്രീനന്ദ സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ 100, 200, 400 മീറ്ററുകളില്‍ സ്വര്‍ണം നേടിയ നീരജ് എന്നിവരെല്ലാം നാവാമുകുന്ദയുടെ പോരാട്ടത്തിന് മുന്നില്‍ നിന്നു നയിക്കാന്‍ ശക്തിയുള്ളവർതന്നെ.