ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങി മരിച്ച ബിജുവിന്റെ മകൻ കാൻസർ ബാധിച്ച് മരിച്ചത് ഒരു വർഷം മുൻപ്. മകൾ കോട്ടയത്ത് നഴ്സിംഗ് വിദ്യാർഥിനിയാണ്.
മണ്ണിടിച്ചിലിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയതിന് പിന്നാലെ അഞ്ചര മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല.
സാരമായ പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയ സന്ധ്യയെ, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ടെന്നും പൊട്ടലുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പുലർച്ചെ അഞ്ചോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്. ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിംഗ് ഉണ്ടായി.
അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചിരുന്നു. ഇതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ബിജുവും സന്ധ്യയും തറവാട്ട് വീട്ടിലേക്ക് മാറിയിരുന്നു. ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്. ബിജുവും സന്ധ്യയും വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്.

