തിരുവനന്തപുരം: വയലാർ രാമവർമ്മ പ്രപഞ്ചത്തിലെ സാമൂഹിക തിന്മകളെയും ജീർണതകളെയും അവതരിപ്പിച്ച ഉജ്വല വിപ്ലവകാരിയായിരുന്നുവെന്നും വയലാർ വിടവാങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് കഴിയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ദശദിന വയലാർ സാംസ്ക്കാരികോത്സവത്തിന്റെ എട്ടാം ദിന സാംസ്ക്കാരിക സമ്മേളനം പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി.ഗോവിന്ദൻ മാസ്റ്റർ. വയലാറിനെപ്പോലെ മറ്റൊരാളെ ചിന്തിക്കുവാനോ പകരം വെയ്ക്കുവാനോ കഴിയില്ലെന്നും വയലാറിനെ അനുസ്മരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഗോവിന്ദൻ പറഞ്ഞു.
ചടങ്ങിൽ നിംസ് മെഡിസിറ്റി പത്മജ , കാഥികൻ വെൺമണി രാജു, കുച്ചിപ്പുടി നർത്തകി ഗായത്രി നായർ, മോഹിനിയാട്ടം നർത്തകി ആതിര. ജി.നായർ എന്നിവരെ ഗോവിന്ദൻ മാസ്റ്റർ ആദരിച്ചു. സാംസ്കാരിക വേദി കൺവീനർ മുക്കംപാലമ്മൂട് രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സാംസ്കാരിക സമ്മേളനത്തിൻ മുൻമന്ത്രി പന്തളം സുധാകരൻ മുഖ്യാതിഥിയായിരുന്നു.
വയലാർ രാമവർമ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, കലാമണ്ഡലം വിമലാ മേനോൻ, സാംസ്കാരിക വേദി വൈസ് പ്രസിഡൻ്റ് ശ്രീവത്സൻ നമ്പൂതിരി, ജി.വിജയകുമാർ,സാംസ്കാരിക വേദി വനിത വിഭാഗം പ്രസിഡൻ്റ് സതി തമ്പി,ഗോപൻ ശാസ്തമംഗലം, മിനി ദീപക് എന്നിവർ പ്രസംഗിച്ചു.
ഇന്നലെ വൈകിട്ട് വെൺമണി രാജുവിന്റെ ശ്രീ ചിത്തിരതിരുനാൾ കഥാപ്രസംഗത്തോടെയാണ് എട്ടാം ദിന വയലാർ സാംസ്കാരികോത്സവം ആരംഭിച്ചത്. തുടർന്ന് നിംസ് മെഡിസിറ്റി വിദ്യാർഥികൾ നയിച്ച കലാസന്ധ്യയും,ഗായത്രി നായർ,നട്ടുവാങ്ക കലൈ മാമണി ആതിര ജി.നായർ എന്നിവരുടെ നൃത്ത സന്ധ്യയും അരങ്ങേറി.

