കോട്ടയം: സ്വര്‍ണവില ലക്ഷത്തിലേക്ക് അടുത്തതോടെ സ്വര്‍ണ മോഷണക്കേസുകള്‍ വര്‍ധിച്ചു. രാവും പകലും ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് നിര്‍ദേശം. പകല്‍സമയം വീടുകളില്‍ വ്യാപാരത്തിനെന്ന പേരില്‍ എത്തുന്ന അപരിചിതരുമായി സമ്പര്‍ക്കം പാടില്ലെന്നും ഭിക്ഷാടകര്‍ക്ക് ജനാലയിലൂടെ മാത്രമേ സഹായം നല്‍കാവൂ എന്നും പോലീസ് പറയുന്നു.
നിസാര വിലയ്ക്ക് വീട്ടു സാധനങ്ങളും ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ഉപകരണങ്ങളും നല്‍കാമെന്ന പേരില്‍ എത്തുന്നവരേറെയും കവര്‍ച്ചക്കാരോ കവര്‍ച്ചക്കാരുടെ ഏജന്റുമാരോ ആവാം.
തനിച്ച് റോഡിലൂടെ സഞ്ചരിക്കുകയോ വീടിനു പുറത്ത് ജോലി ചെയ്യുകയോ ചെയ്യുന്ന സ്ത്രീകളോടു ബൈക്കിലെത്തി വഴി ചോദിച്ചും പരിചയം പറഞ്ഞും ശ്രദ്ധ തിരിച്ച് മാല കവരുന്ന മോഷ്ടാക്കള്‍ ഏറെയാണ്. ഇത്തരത്തില്‍ ജില്ലയില്‍ അന്‍പതിലേറെ കേസുകളിലാണ് പ്രതികളെ കിട്ടാതെ പോയത്.
ചികിത്സാ സംബന്ധമായ രേഖകള്‍ നേരില്‍ കാണിക്കാനെന്ന വ്യാജേന വീട്ടില്‍ കയറി ആഭരണം കവരുകയോ വീട് കൊള്ളയടിക്കുകയോ ചെയ്യുന്നവരും കുറവല്ല. തനിച്ചു കഴിയുന്നവരും വയോധികരുമായവര് ഇത്തരക്കാര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്നതും പന്തിയല്ല. സര്‍ക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ വരുന്നവരോട് വീട്ടില്‍ ചുമതലപ്പെട്ടവരില്ലെങ്കില് പിന്നീട് ബന്ധപ്പെടാന്‍ വിധം ഫോണ്‍ നമ്പറുകള്‍ വാങ്ങുക.
വീടുകളില്‍ കാമറ സ്ഥാപിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ ഏറെ സുരക്ഷിതമായിരിക്കും. കൊലപാതകത്തിനും അതിക്രമത്തിനും മടിക്കാത്ത തമിഴ് കുറുവ സംഘങ്ങള്‍ മുന്‍പ് പാലാ, പൈക, കുറവിലങ്ങാട്, പൊന്‍കുന്നം പ്രദേശങ്ങളില്‍ മോഷണം നടത്തിയിരുന്നു. രാത്രി 11നും പുലര്‍ച്ചെ മൂന്നിനും ഇടയില്‍ വാതിലുകളും ജനാലകളും തകര്‍ത്താണ് ഇവര്‍ വീട് കൊള്ളയടിക്കുക.
അടിവസ്ത്രം ധരിച്ച് മുഖം മറച്ച് ശരീരത്തില്‍ എണ്ണ പുരട്ടിയാണ് രണ്ടോ മൂന്നോ പേരുള്‍പ്പെടുന്ന കുറുവ സംഘം എത്തുക. വാതിലും പൂട്ടും തകര്ക്കാന്വിധം ആയുധങ്ങളും വാളും കത്തിയും കൈവശമുണ്ടാകും. രാത്രി മുറ്റത്ത് കുട്ടികള്‍ കരയുന്ന ശബ്ദം കേള്‍ക്കുകയോ ടാപ്പുകള്‍ തുറന്ന നിലയില്‍ കാണുകയോ ചെയ്താല്‍ വാതില്‍ തുറക്കരുത്.
വളര്‍ത്തുനായകള്‍ കുരയ്ക്കുന്ന സാഹചര്യത്തിലും വീടിനു പുറത്തേക്ക് തനിച്ചിറങ്ങാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ വീട്ടുമുറ്റത്തെ ലൈറ്റുകള്‍ ഉടന്‍ ഓണാക്കുകയും ഒപ്പം അയല്‍വാസികളെ വിവരം അറിയിക്കുകയും ചെയ്യുക. പലപ്പോഴും വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് കൊള്ളസംഘം കവര്‍ച്ചയ്ക്കെത്തുക. മൊബൈല്‍ ഫോണും ടോര്‍ച്ചും കിടക്കയോട് ചേര്‍ത്തു സൂക്ഷിക്കണം.
സ്വര്‍ണാഭരണങ്ങള്‍ പരമാവധി ലോക്കറില്‍ വയ്ക്കുക, പതിവായി ഉപയോഗിക്കുന്ന ആഭരണങ്ങള്‍ രാത്രി സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുക, ആഭരണങ്ങള്‍ അണിഞ്ഞ് രാത്രി മുറ്റത്തിറങ്ങാതിരിക്കുക, ദിവസങ്ങളോളം യാത്ര ചെയ്യേണ്ടവര്‍ വിവരം മുന്‍കൂട്ടി പോലീസില്‍ അറിയിക്കുക തുടങ്ങിയ മുന്നറിയി പ്പുകളും പോലീസ് നിർദേശിക്കുന്നു.

