കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്.കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എസ്.ഡി. രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് സംവിധായകന് പീഡിപ്പിച്ചെന്നായിരുന്നു ബംഗാളി നടിയുടെ പരാതി.
നടി പരാതി ഉന്നയിച്ചതിന് പിന്നാലെ താന്‍ ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് നടി നിയമപരമായി മുന്നോട്ടുപോവുകയായിരുന്നു.പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നടിയുടെ പരാതി.
സിനിമയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ചര്‍ച്ചയ്ക്കിടെ രഞ്ജിത്ത് തന്റെ കൈയില്‍ കയറിപ്പിടിച്ചു. പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും അവിടെ നിന്ന് ഇറങ്ങിയ താന്‍ സിനിമയില്‍ അഭിനയിക്കാതെ തിരിച്ചുപോയെന്നും നടി പറഞ്ഞിരുന്നു.
നടിയെ പിന്തുണച്ച് സംവിധായകന് ജോഷിയും രംഗത്തെത്തിയിരുന്നു. പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ രഞ്ജിത്ത് നിര്‍ബന്ധിതനായി.

