വിശാഖപട്ടണം: ആന്ധ്രാപ്രദേശിന്റെ തീരദേശമേഖലകളിൽ നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്. കനത്തമഴയിലും കാറ്റിലും ഒരു സ്ത്രീ മരിച്ചു. കൊണസീമ ജില്ലയിൽ വീടിനു മുകളിൽ മരം പതിച്ചാണ് മരണം സംഭവിച്ചത്. നിരവധിപ്പേർക്കു പരിക്കുപറ്റിയതായി റിപ്പോർട്ടുണ്ട്. തെക്കൻ ആന്ധ്രയിലും ഒഡീഷയുടെ ചില ഭാഗങ്ങളിലും പേമാരിയിൽ റോഡുകൾ വെള്ളത്തിനടിയിലായി, മരങ്ങൾ കടപുഴകി വീണു ആയിരക്കണക്കിനുപേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി.
ഇന്നലെ വൈകുന്നേരം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടയ്ക്കടുത്താണ് മോൻത തീരം കടന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 80-90 കിലോമീറ്റർ വരെ ഉയർന്ന് 110 കിലോമീറ്റർ വരെയായി. നെല്ലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തതെന്ന് ഐഎംഡി അറിയിച്ചു. കൊണസീമയിലെ മകനഗുഡെം ഗ്രാമത്തിൽ ശക്തമായ കൊടുങ്കാറ്റുണ്ടായി.
രാത്രി മുഴുവൻ നഗരങ്ങളിൽ ശക്തമായ മഴയും കൊടുങ്കാറ്റും ആഞ്ഞടിച്ചതിനാൽ വിജയവാഡയിലെയും കാക്കിനടയിലെയും തെരുവുകൾ വിജനമായിരുന്നു. വിശാഖപട്ടണത്ത്, മരങ്ങൾ വീണു റോഡ് ഗതാഗതം താറുമാറായി.ആന്ധ്രാതീരം കടന്നതോടെ മോൻത ചുഴലിക്കാറ്റ് ദുർബലമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പുതിയ റിപ്പോർട്ട്. കൊടുങ്കാറ്റ് കൃഷിയിടങ്ങളെ തകർത്തു. പ്രാഥമിക കണക്കുകൾ പ്രകാരം 38,000 ഹെക്ടറിൽ കൂടുതൽ നാശം സംഭവിച്ചിട്ടുണ്ട്.
തീരദേശ ജില്ലകളിൽ 76,000 ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും 219 മെഡിക്കൽ ക്യാമ്പുകൾ തുടങ്ങുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ ചില ഭാഗങ്ങളിൽ ബുധനാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് ഐഎംഡി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 20 സെന്റിമീറ്ററിൽ കൂടുതൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ ആഘാതം ഒഡീഷയിലേക്കും വ്യാപിച്ചു. 15 ജില്ലകളിൽ വ്യാപകനാശമുണ്ടായി. ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. തെക്കൻ ജില്ലകളായ മാൽക്കാൻഗിരി, കോരാപുട്ട്, റായഗഡ, ഗജപതി, ഗഞ്ചം എന്നിവിടങ്ങളിലും വ്യാപകനാശമുണ്ടായി.

