കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടി വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്.
എംപി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിന്റെ ആരോപണം. ഇത് സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷാണ് തന്നെ മർദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഷാഫിപറമ്പില്‍ എംപി ആരോപണമുയര്‍ത്തിയത്. പേരാമ്പ്ര സംഘര്‍ഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാന്‍ നേതൃത്വം നല്കിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്.
അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിന് നേരത്തെ സര്‍വിസില്‍നിന്നും പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സര്‍വീസിലേക്ക് തിരികെ കയറ്റിയത്. ഇയാള്‍ അത്ര നല്ല ട്രാക്ക് റിക്കാര്‍ഡ് ഉള്ള ഉദ്യോഗസ്ഥനല്ല.
ദുരുദ്ദേശപരമായിട്ടാണ് ഇത്തരം ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിലേക്ക് കൊണ്ടുവന്നതെന്നും എംപി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് എംപി പരാതി നല്‍കുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ, കോഴിക്കോട് ഡിസിസി നേതൃത്വവും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു

