ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു. മുന്നു പേര്‍ക്കാണ് കഴിഞ്ഞയാഴ്ച അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് എ.ആര്. അനീഷിന്റെ ശ്വാസകോശം, വൃക്ക, ഹൃദയം എന്നിവയാണ് മൂന്നു പേര്‍ക്ക് മാറ്റിവച്ചത്. മുന്നു പേരും വെന്റിലേറ്റര്‍ സഹായം വേണ്ടാത്ത അവസ്ഥയിലെത്തിയിട്ടുണ്ട്.
ശ്വാസകോശം മാറ്റിവച്ച മുണ്ടക്കയം സ്വദേശിനി സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങി. വൃക്ക മാറ്റിവച്ച കോഴഞ്ചേരി സ്വദേശിയുടെ ആരോഗ്യനില അടുത്ത ആഴ്ച ഡിസ്ചാര്‍ജ് ചെയ്യാനാകും വിധം മെച്ചപ്പെട്ടിട്ടുണ്ട്. ഹൃദയം മാറ്റിവച്ച എറണാകുളം വരിക്കോലി സ്വദേശിയുടെ നില മെച്ചപ്പെട്ടു വരുന്നു. വെന്റിലേറ്റര്‍ മാറ്റിയെങ്കിലും ഓക്സിജന്‍ സംവിധാനം ഒരുക്കിട്ടുണ്ട്. ഹൃദയം എടുത്തയാളുമായി ഹൃദയം സ്വീകരിച്ചയാള്‍ക്ക് പ്രായവ്യത്യാസമുള്ളതുകൊണ്ട് പ്രവര്‍ത്തനം യോജിച്ചുവരാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കും.
സാധാരണ അവയവമാറ്റത്തിന് വിധേയമാക്കുന്നവരെ 21 ദിവസത്തിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യുക. നിലവില്‍ അവയവമാറ്റത്തിന് വിധേയമായവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റും തരത്തില്‍ സ്ഥിതി മെച്ചപ്പെടുമ്പോള്‍ അവരെ സ്വന്തം വീട്ടിലേക്ക് വിടില്ല. അതിരമ്പുഴയിലുള്ള അതിരമ്പുഴ പള്ളിയുടെ ഉടമസ്ഥതയിലുള്ള അപാര്ട്ട്മെന്റിലേക്കാണ് മാറ്റുന്നത്.
10 മുറികളുള്ള ഇവിടം അവയമാറ്റത്തിന് വിധേയമായവര്‍ സുഖം പ്രാപിക്കുന്നതു വരെ താമസിപ്പിക്കാന്‍ അതിരമ്പുഴ പള്ളി വിട്ടുനല്കിട്ടുണ്ട്. എ. ആര് അനീഷിന്റെ ഹൃദയം, ശ്വാസകോശം, വൃക്ക, നേത്രപടലം , കൈ, കരള്‍, പാന്‍ക്രിയാസ് എന്നിവയാണ് ബന്ധുക്കള്‍ ദാനം ചെയ്തത്. ഹൃദയം, ശ്വാസകോശം, ഒരു വൃക്ക , രണ്ട് നേത്രപടലങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കിയത്.
ഒരു വൃക്ക, ഹൃദയം, ശ്വാസകോശം, നേത്രപടലങ്ങള്‍ എന്നിവയാണ് കോട്ടയം മെഡിക്കല്‍ കോളജിന് ലഭിച്ചത്. നേത്രപടലങ്ങള്‍ മെഡിക്കല്‍ കോളജിലെ ഐ ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ രോഗി നെട്ടൂര്‍ സ്വദേശിയായ 31 കാരനാണ് അനീഷിന്റെ മറ്റൊരു വൃക്ക നല്‍കിയത്.
അമൃത ആശുപത്രിയിലെ രോഗിയായ തമിഴ്നാട് നാമയ്ക്കല്‍ സ്വദേശിയായ 23 കാരനാണ് കൈകള്‍ മാറ്റിവച്ചത്. ഇവരുടേയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് അനീഷ് മടങ്ങുമ്പോള്‍ പമ്പയില്‍ വച്ച് തലയടിച്ച് വീണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

