തിരുവനന്തപുരം:”ഇപ്പോഴുണ്ടായത് സ്ത്രീ ശക്തിയുടെ വിജയം. ആർക്കും മായ്ച്ചുകളയാൻ സാധിക്കാത്ത ഒരു അടയാളപ്പെടുത്തൽ നടത്തിയിട്ടാണ് ആശമാർ രാപ്പകൽ സമരം അവസാനിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ പ്രവർത്തകർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് സമരം അവസാനിപ്പിക്കുമെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ചിലർ പറഞ്ഞത് 33 രൂപ നക്കാപ്പിച്ച വാങ്ങിയിട്ടാണെന്നാണ്. പക്ഷെ ഈ സമരത്തിന്റെ രൂക്ഷത എനിക്കറിയാം. ഈ സമരം ആരംഭിച്ച് നാലാം ദിവസം മുതൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്.’- വി.ഡി. സതീശൻ പറഞ്ഞു.
ആശമാർ ആവശ്യപ്പെട്ട മിനിമം വേതനം ഇനിയും നേടാനുണ്ട്. നിങ്ങൾ കേരളത്തിൽ എവിടെ സമരം നടത്തിയാലും യുഡിഎഫ് കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്കുന്നതായും സതീശൻ പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും സമരം വ്യാപിക്കും. ഇവിടെ നടന്ന സമരത്തേക്കാൾ രൂക്ഷമായിരിക്കും ഇനി ജില്ലകളിലും പഞ്ചായത്തിലും നടക്കാൻ പോകുന്നത്. ഇത്രമാത്രം ജനപിന്തുണ ലഭിച്ച ഒരു സമരം കേരളത്തിൽ ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല. ഇത് സ്ത്രീശക്തിയുടെ മഹത്തായ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാപ്പകൽ സമരം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ആശാ പ്രവർത്തകർ കേരളപ്പിറവി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമര പ്രതിജ്ഞാ റാലി നടത്തിയത്. അതേസമയം, ഓണറേറിയം 21000 രുപയായി വർധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് ആശാപ്രവർത്തകരുടെ തീരുമാനം.
സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആശമാരെ അവഗണിച്ചവർക്കെതിരെ വിധിയെഴുതണമെന്ന് ആവശ്യപ്പെട്ട് വീടുകൾ കയറി ക്യാമ്പയിൻ നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സമരം 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഓണറേറിയം 7000 രൂപയിൽ നിന്ന് 8000 രൂപയാക്കിയിരുന്നു. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാർ. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്.

