കോഴിക്കോട്: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും അന്യായ പ്രവര്‍ത്തനരീതികള്‍ അവലംബിച്ചതിനും ന്യൂഡല്‍ഹിയിലെ ദീക്ഷാന്ത് ഐഎഎസ്, ചണ്ഡിഗഡിലെ അഭിമനു ഐഎഎസ് എന്നീ പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി (സിസിപിഎ) എട്ടു ലക്ഷം രൂപ വീതം പിഴ ചുമത്തി. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. രണ്ട് കേസുകളിലും യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികളുടെ പേരും ചിത്രങ്ങളും അവരുടെ സമ്മതമില്ലാതെ ഉപയോഗിച്ച് വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന പരസ്യങ്ങളെക്കുറിച്ച് അഥോറിറ്റിക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന ഐഎഎസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളാണിവ.
ദീക്ഷാന്ത് ഐഎഎസ് കേസ്
2021-ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 96-ാം റാങ്ക് നേടിയ മിനി ശുക്ല എന്ന ഉദ്യോഗാര്‍ഥിയുടെ പരാതിയിലാണ് ദീക്ഷാന്ത് ഐഎഎസ് പരിശീലന കേന്ദ്രത്തിനെതിരായ നടപടി. പേരും ചിത്രവും സ്ഥാപനത്തിന്റെ പ്രചാരണ സാമഗ്രികളില്‍ സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നതായിരുന്നു പരാതി. ദീക്ഷാന്ത് ഐഎഎസുമായി ബന്ധമില്ലെന്നും ചഹല്‍ അക്കാദമിയില്‍ നടത്തിയ മാതൃകാ അഭിമുഖത്തില്‍ മാത്രമാണ് പങ്കെടുത്തതെന്നും ഇത് ദീക്ഷാന്ത് ഐഎഎസുമായി ചേര്‍ന്ന് നടത്തിയതാണെന്ന് പിന്നീട് അറിഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
“2021 ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 200-ലധികം ഫലങ്ങള്‍” എന്ന് അവകാശപ്പെട്ട് ദീക്ഷാന്ത് ഐഎഎസ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതായി സിസിപിഎ കണ്ടെത്തി. വിജയിച്ച ഉദ്യോഗാര്‍ഥികള്‍ പഠിച്ച പ്രത്യേക കോഴ്സുകള്‍ വെളിപ്പെടുത്താതെ അവരുടെ ചിത്രങ്ങളും പേരുകളും ഉപയോഗിച്ചു. ഒന്നിലധികം അവസരങ്ങള്‍ നല്‍കിയിട്ടും ഈ അവകാശവാദം വിശ്വസനീയമായ തെളിവുകള്‍ സഹിതം തെളിയിക്കാന്‍ സ്ഥാപനത്തിനായില്ല.
ഉദ്യോഗാര്‍ഥികള്‍ അഭിമുഖ മാര്‍ഗനിര്‍ദേശക പരിപാടിയില്‍ (ഐജിപി) പങ്കെടുത്തുവെന്നും ഇത് ചഹല്‍ അക്കാദമിക്കൊപ്പം സംയുക്തമായി സംഘടിപ്പിച്ചതാണെന്നും ദീക്ഷാന്ത് ഐഎഎസ് അവകാശപ്പെട്ടു. എങ്കിലും 200ലേറെ ഫലങ്ങള്‍ എന്ന അവകാശവാദം തെളിയിക്കാന്‍ 116 ഉദ്യോഗാര്‍ഥികളെ ചേര്‍ത്ത ഫോമുകള്‍ മാത്രമാണ് ദീക്ഷാന്ത് ഐഎഎസിന് ഹാജരാക്കാന്‍ സാധിച്ചതെന്ന് അഥോറിറ്റി കണ്ടെത്തി.
ചഹല്‍ അക്കാദമിയുമായി രൂപീകരിച്ച കരാറോ സംയുക്തമായി നടത്തിയ പരിപാടിയെക്കുറിച്ച് ഉദ്യോഗാര്‍ഥികളെ അറിയിച്ചതിന് തെളിവോ സമര്‍പ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ പഠിച്ച പ്രത്യേക കോഴ്സുകള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ബോധപൂര്‍വം മറച്ചുവച്ച് പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും 2021ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ എന്ന നിലയില്‍ 200-ലേറെ ഫലങ്ങള്‍ നേടിയതിന്റെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെടാന്‍ ശ്രമിച്ചതായി അഥോറിറ്റി കണ്ടെത്തി.
അഭിമനു ഐഎഎസ് കേസ്
2022ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 175-ാം റാങ്ക് നേടിയ നടാഷ ഗോയലിന്റെ പരാതിയിലാണ് അഭിമനു ഐഎഎസ് പരിശീലന കേന്ദ്രം നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. താന്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണെന്ന് തെറ്റായി അവകാശപ്പെടുകയും പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുകയും ചെയ്തുവെന്നായിരുന്നു നടാഷയുടെ പരാതി.
ഇത് വഞ്ചനാപരവും അന്യായവുമാണെന്ന് വിലയിരുത്തിയ സിസിപിഎ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഇത് കരാര്‍ വ്യവസ്ഥയുടെ ലംഘനമാണെന്ന് കണ്ടെത്തുകയും ചെയ്തു. സ്ഥാപനം തുടങ്ങിയതുമുതല്‍ “2,200-ലേറെ പേര് തെരഞ്ഞെടുക്കപ്പെട്ടു”, “മികച്ച പത്ത് ഐഎഎസ് ഫലങ്ങളില്‍ പത്തിലേറെ പേര് തെരഞ്ഞെടുക്കപ്പെട്ടു”, “എച്ച്സിഎസ്/പിസിഎസ്/എച്ച്എഎസ് എന്നിവയില്‍ ഒന്നാം റാങ്ക്” എന്നിങ്ങനെ തെറ്റിധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ അഭിമനു ഐഎഎസ് പ്രസിദ്ധീകരിച്ചതായി തുടര്‍പരിശോധനയില്‍ സിസിപിഎ കണ്ടെത്തി. 2023-ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ, ഹരിയാന സിവില്‍ സര്‍വീസ്, ആര്‍ബിഐ ഗ്രേഡ്-ബി, നബാര്‍ഡ് ഗ്രേഡ്-എ തുടങ്ങി വിവിധ പരീക്ഷകളില്‍ വിജയിച്ച ഉദ്യോഗാര്‍ഥികളുടെ ചിത്രങ്ങളും പേരുകളും എടുത്തുകാണിച്ച പരസ്യങ്ങളില്‍ ഈ ഉദ്യോഗാര്‍ഥികള്‍ ചേര്‍ന്ന പ്രത്യേക കോഴ്സുകള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചതായും കണ്ടെത്തി.
139 ഉദ്യോഗാര്‍ഥികള്‍ 2023ലെ വിവിധ പരീക്ഷകളില്‍ തെരഞ്ഞെടുക്കപ്പെട്ടതായി അവകാശപ്പെട്ടതിന്റെ വിശദാംശങ്ങള്‍ സ്ഥാപനം സമര്‍പ്പിച്ചു. എന്നാല്‍, ഇതില്‍ 88 ഉദ്യോഗാര്‍ഥികളും അഭിമനു ഐഎഎസിന്റെ സഹായമില്ലാതെയാണ് പ്രാഥമികഘട്ട, അന്തിമഘട്ട പരീക്ഷകള്‍ വിജയിച്ചത്. സ്ഥാപനം മാതൃകാ അഭിമുഖവും വ്യക്തിഗത ചോദ്യബാങ്കുകളും മാത്രമാണ് നല്‍കിയത്. ഇത്തരം സുപ്രധാന വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് തെറ്റിദ്ധാരണാജനകവും വഞ്ചനാപരവുമാണെന്ന് സിസിപിഎ വിലയിരുത്തി.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തന രീതികള്‍ക്കും തടയിടാന്‍ വിവിധ പരിശീലന കേന്ദ്രങ്ങള്‍ക്കെതിരേ സിസിപിഎ ഇതിനകം 57 നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 27 പരിശീലന സ്ഥാപനങ്ങള്‍ക്കെതിരേ 98.6 ലക്ഷം രൂപയിലധികം പിഴ ചുമത്തുകയും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അഥോറിറ്റി ചീഫ് കമ്മീഷണര്‍ നിധി ഖരെ, കമ്മീഷണര്‍ അനുപം മിശ്ര എന്നിവരുടെ നേതൃത്വത്തിലാണ് ദീക്ഷാന്ത്, അഭിമനു എന്നിവയ്ക്കെതിരേ ഉത്തരവു പുറപ്പെടുവിച്ചത്.
സ്വന്തം ലേഖകന്‍

