പരവൂർ: ട്രെയിൻ യാത്രാ വിവരങ്ങൾ അറിയാൻ ഇനി അന്വേഷണ കൗണ്ടറിന് മുന്നിലെ ക്യൂവിൽ കാത്തു നിൽക്കേണ്ടതില്ല. ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് കൃത്യമായി അറിയുന്നതിന് ക്യൂആർ കോഡ് സംവിധാനം റെയിൽവേ നടപ്പിലാക്കുന്നു.
റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ട്രെയിനുകളുടെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യുക വഴി സാധിക്കും.
ഇതുവഴി അന്വേഷണ കൗണ്ടറുകളിലെ തിരക്കുകളും ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ഏർപ്പെടുത്തി കഴിഞ്ഞു. ഛാത്ത് ഉത്സവവുമായി ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യൂആർ കോഡ് സംവിധാനം പരീക്ഷിച്ച് തുടങ്ങിയത്. ഇത് രാജ്യവ്യാപകമായി ഏർപ്പെടുത്താൻ റെയിൽവേ മന്ത്രാലയം നടപടികൾക്ക് തുടക്കമിട്ട് കഴിഞ്ഞു.
അടുത്ത നാല് മണിക്കൂറിനുള്ളിൽ ഓടുന്ന ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങൾ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് ലഭ്യമാകും. യാത്രികരുടെ സൗകര്യം കണക്കിലെടുത്ത് സ്റ്റേഷനുകളിലെ ഹോൾഡിംഗ് ഏരിയകൾ, പ്രധാന കവാടങ്ങൾ, ടിക്കറ്റ് കൗണ്ടറുകൾ, സ്റ്റേഷൻ പരിസരത്തെ മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ക്യൂആർ കോഡുകൾ ഏർപ്പെടുത്തുന്നത്. അതത് സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഈ സംവിധാനം വഴി ലഭിക്കുക.
ഉത്സവ സീസണുകളിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന് യാത്രക്കാരുടെ സൗകര്യാർഥം പ്രധാന സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ട്രെയിൻ വിവരങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്ന ഡിസ്പ്ലേ ബോർഡുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, എയർ കൂളറുകൾ, ഫാനുകൾ, ശുദ്ധീകരിച്ച കുടിവെള്ളം, ഹെൽപ്പ് ബൂത്തുകൾ, മൊബൈൽ യുടിഎസ് ആപ്പ് , റെയിൽവേ ഉദ്യോഗസ്ഥർക്കുള്ള ഇരിപ്പിട ക്രമീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യാത്രക്കാർക്ക് സഹായവും നിർദേശവും നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും ഹെൽപ്പ് ബൂത്തുകൾ. ഇവിടെ ജീവനക്കാരുടെ പൂർണ സമയം ഉറപ്പാക്കാൻ റെയിൽവേ മന്ത്രാലയം എല്ലാ സോണുകളുടെയും മേധാവികൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.
എസ്.ആർ. സുധീർ കുമാർ

