തിരുവനന്തപുരം: കോര്പറേഷന് ഭരണം പിടിക്കാന്‍ കെ.എസ്. ശബരീനാഥനെ കോണ്‍ഗ്രസ് ഇറക്കിയതോടെ തലസ്ഥാനത്തെ ത്രികോണ പോരാട്ടത്തില്‍ തീപാറും. നിലവില്‍ 10 സീറ്റുള്ള കോണ്‍ഗ്രസ് കോര്പറേഷന് ഭരണം പിടിക്കാന്‍ നിര്‍ണായക നീക്കമാണ് നടത്തുന്നത്. കോര്പറേഷന് തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്ന പാര്‍ട്ടി മേയര്‍ സ്ഥാനാര്‍ഥിയായി ശബരിയെ മുന്‍നിര്‍ത്തി പോരിനിറങ്ങുന്നത് പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
അതേസമയം കെ.എസ്. ശബരീനാഥന് ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ഥിയാണെന്നു തുറന്നു പറയാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ കെ. മുരളീധരന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തയാറായില്ല. നിലവില്‍ കോര്‍പറേഷന്റെ തെര ഞ്ഞെടുപ്പ് ചുമതല കെ. മുരളീധരനു നല്‍കിയതോടെയാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചത്. ആകെ 101 വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്. വിമത ശല്യവും തര്‍ക്കങ്ങളും ഒഴിവാക്കി സ്ഥാനാര്‍ഥികളെ കണ്ടെത്തിയതോടെ 48 ഇടങ്ങളില്‍ തര്‍ക്കങ്ങള്‍ ഒഴിവായതും പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരുന്നു.
ബാക്കിയിടങ്ങളിലും തര്‍ക്കങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ. മുരളീധരന് തെരഞ്ഞെടുപ്പ് ചുമതലയിലേക്ക് എത്തിയതും ശബരീനാഥന് മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും താഴേത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ മുമ്പെങ്ങുമില്ലാത്ത ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പൂര്‍ണമായും പാര്‍ട്ടി താല്പര്യം മുന്‍നിര്‍ത്തിയാണ് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ശബരീനാഥന് മത്സരത്തിനു പൂര്‍ണസമ്മതം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്.
ഇത് പ്രവര്‍ത്തകരില്‍ വലിയ ആത്മവിശ്വാസം നിറച്ചിട്ടുണ്ടെന്നും നഗര ഭരണം ഉന്നത വിദ്യാഭ്യാസ യോഗ്യതയും കഴിവുമുള്ള ചെറുപ്പക്കാരനന്റെ കൈയ്യില്‍ സുഭദ്രമായിരിക്കുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. ദീര്‍ഘവീക്ഷണത്തോടു കൂടിയ പദ്ധതികള്‍ നടപ്പാക്കാനും നഗര വികസനം അനായാസമായി മുന്നോട്ട് കൊണ്ട് പോകാനും ശബരിയിലൂടെ കഴിയുമെന്നാണ് നേതാക്കള്‍ പറയുന്നത്.

