പഞ്ചാബിലേക്കുള്ള യാത്ര, സുഹൃത്തിൽനിന്നു കടം വാങ്ങിയ പണം. പിന്നെ, തേടിവന്നത് കോടികളുടെ ഭാഗ്യം..! രാജസ്ഥാൻ സ്വദേശിയായ പച്ചക്കറി വിൽപ്പനക്കാരന്റെ ജീവിതം മാറിമറിയുകയായിരുന്നു. പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ “ദീപാവലി ബമ്പർ 2025′ ജാക്ക്പോട്ട് സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജസ്ഥാൻ സ്വദേശിയായ അമിത് സെഹ്റയും കുടുംബവും.
11 കോടി രൂപയെന്ന സ്വപ്നനേട്ടമാണ് ദീപാവലി ബംബറിലൂടെ അമിത് സെഹ്റയെ തേടിയെത്തിയത്. പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയുടെ ഏറ്റവും ഉയർന്ന സമ്മാനമാണിത്. ഒക്ടോബർ 31ന് ഫലം പ്രഖ്യാപിച്ചത്.
തന്റെ സുഹൃത്തിൽനിന്നു പണം കടം വാങ്ങിയാണ് ബത്തിൻഡയിലെ ലോട്ടറി വിൽപ്പനശാലയിൽനിന്ന് അമിത് ടിക്കറ്റ് വാങ്ങിയത്. ലോട്ടറി സമ്മാനം നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചണ്ഡീഗഢ് സന്ദർശിക്കാൻ പോലും തന്റെ പക്കൽ പണമില്ലെന്ന് കണ്ണീരോടെ അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതവും വലുതുമായ സമ്മാനം ലഭിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അമിത് പറഞ്ഞു. ജയ്പുർ കോട്പുട്ലിയിവെ വഴിയോരക്കച്ചവടക്കാരനാണ് അമിത്. പച്ചക്കറി വിൽപ്പനയിലൂടെ ലഭിക്കുന്ന ചെറിയ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. തന്റെ രണ്ട് കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് അമിത് പറഞ്ഞു. ലോട്ടറി ടിക്കറ്റിനായി പണം കടം കൊടുത്ത സുഹൃത്ത് മുകേഷിന് ഒരു കോടി രൂപ നൽകുമെന്നും അമിത് പറഞ്ഞു.

