എരുമേലി: വൃശ്ചികമാസം കുളിരണിഞ്ഞ് അയ്യപ്പ തിന്തകത്തോം വിളികളിലേക്ക് എരുമേലി മിഴി തുറക്കുമ്പോൾ അയ്യപ്പന്റെ രൂപത്തിന് അഴകേറുന്നത് സന്തോഷിന്റെ ചായംപൂശലിലാണ്.
ഒപ്പം വലിയമ്പല ഗോപുരത്തിൽ അയ്യപ്പൻ, ഗണപതി, മുരുകൻ, ദ്വാരപാലകർ, മോഹിനിമാർ എന്നീ ശില്പങ്ങൾക്കും സന്തോഷ് ആണ് ചായം നൽകുന്നത്. പേട്ടക്കവലയിൽ കൊച്ചമ്പല ഗോപുരത്തിന് മുകളിൽ ശരങ്ങളും വില്ലുമായി പുലിയുടെ മുകളിൽ ഇരിക്കുന്ന അയ്യപ്പന്റെ ശിൽപ്പത്തിൽ എരുമേലി സ്വദേശി ചുണ്ടില്ലാമറ്റം സന്തോഷിന്റെ ബ്രഷ് ചലിച്ചുതുടങ്ങിയിട്ട് 24 വർഷമായി.
പുലിപ്പുറത്ത് ഇരിക്കുന്ന അയ്യപ്പന്റെ രൂപമാണ് എരുമേലിയുടെ ലാൻഡ് മാർക്ക്. പെയിന്റിംഗ് കരാറുകാർ ആരൊക്കെ വന്നാലും പ്രതിഫലം കാര്യമാക്കാതെ അയ്യപ്പന്റെ രൂപത്തിൽ ചായം പൂശാൻ സന്തോഷമുണ്ടാകും. ഭാര്യ: നിഷ. നിരഞ്ജൻ, നിലാചന്ദന എന്നിവരാണ് മക്കൾ.

